വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കി
വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കി. കരാർ കമ്പനിയായ ഊരാളുങ്കലാണ് മണ്ണ് നീക്കിയത്. മണ്ണ് മാറ്റിയെന്നും സർക്കാർ തലത്തിൽ നിർദേശം കിട്ടിയ ഉടനെ മണ്ണ് നീക്കം ചെയ്യുന്നത് തുടങ്ങിയിരുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു. വയനാട് കള്ളാടിയിലെ തുരങ്ക നിർമ്മാണ സ്ഥലത്തെ മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെയാണ് വയനാട് ടൌൺഷിപ്പിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കാൻ സർക്കാർ നിർദേശം നൽകിയത്. മണ്ണ് നീക്കിയില്ലെങ്കിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് സംഭവിച്ചത് പോലെ വൻ അപകടത്തിന് സാധ്യതയുണ്ടെന്നും നീക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഊരാളുങ്കലിനെ അറിയിച്ചതായി മന്ത്രി ടി സിദ്ദിഖ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ സുരക്ഷാ മുൻകരുതലുകളില്ലാതെ മണ്ണ് കൂട്ടിയിടുന്നത് വൻ തോതിൽ ആശങ്ക പരത്തിയിരുന്നു.
