ഇറാന്റെ യുദ്ധക്കപ്പൽ മുക്കിയത് ഞങ്ങൾ തന്നെ; ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക, 80 മരണം സ്ഥിരീകരിച്ച് ശ്രീലങ്ക

  1. Home
  2. Latest

ഇറാന്റെ യുദ്ധക്കപ്പൽ മുക്കിയത് ഞങ്ങൾ തന്നെ; ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക, 80 മരണം സ്ഥിരീകരിച്ച് ശ്രീലങ്ക

ship


ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പലായ 'ഐആർഐഎസ് ഡെന'യെ (IRIS Dena) ആക്രമിച്ചു മുക്കിയത് തങ്ങളുടെ മുങ്ങിക്കപ്പലാണെന്ന് അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു. കപ്പൽ തകർക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ അമേരിക്കൻ പ്രതിരോധ മന്ത്രാലയം സാമൂഹിക മാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ടു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹേഗ്‌സേഥ് ആണ് ഈ സൈനിക നടപടി സ്ഥിരീകരിച്ചത്. അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ടോർപ്പിഡോ ഉപയോഗിച്ചാണ് ഇറാന്റെ കപ്പൽ തകർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു ശത്രുരാജ്യത്തിന്റെ കപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് മുക്കുന്നത് ഇതാദ്യമായാണ്. ഈ ആക്രമണത്തെ 'നിശ്ശബ്ദ മരണം' എന്നാണ് പീറ്റർ ഹേഗ്‌സേഥ് വിശേഷിപ്പിച്ചത്. "നമ്മൾ വിജയിക്കാൻ വേണ്ടിയാണ് പോരാടുന്നത്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതീവ സുരക്ഷിതമെന്ന് ഇറാൻ കരുതിയിരുന്ന യുദ്ധക്കപ്പലാണ് അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ സമുദ്രത്തിനടിയിലായത്. ഇത് മേഖലയിൽ വൻ യുദ്ധഭീതി പടർത്തിയിരിക്കുകയാണ്.

അമേരിക്കയുടെ ഈ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ മരണസംഖ്യ സംബന്ധിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കാണാതായ 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തിയതായാണ് വിവരം. അതേസമയം, 148 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.