സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

  1. Home
  2. Latest

സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

s


സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സമഗ്ര പരിഷ്‌കരണമാണ് ധവളപത്രത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സപ്ലൈകോയുടെ നഷ്ടം നികത്താന്‍ ബിവറേജ് കോര്‍പ്പറേഷനുമായി ലയിപ്പിക്കണം. ഉപഭോക്തൃ നിരക്കുകള്‍ വഴി ചെലവുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത പൊതുജന സേവനങ്ങള്‍ക്ക് പൂര്‍ണ സബ്‌സിഡി നല്‍കണം, കെഎസ്ഇബി സ്വയംപര്യാപ്തമാകണം, തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ വേണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ധവളപത്രത്തില്‍ മുന്നോട്ടുവച്ചിട്ടുള്ളത്. കിഫ്ബിയില്‍ സമഗ്ര പരിഷ്‌കരണം വേണമെന്നും നിര്‍ദേശമുണ്ട്.രാജ്യത്ത് ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണ്. ആകെ സ്ഥാപനങ്ങളില്‍ 132 എണ്ണം ഉല്‍പാദനം, വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ ഉടമസ്ഥതാ ഘടനയും വ്യത്യസ്തമാണ്. എന്നാല്‍ മൊത്തം നിക്ഷേപത്തിന്റെ 86 ശതമാനവും അഞ്ച് സ്ഥാപനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സഞ്ചിത നഷ്ടം 2021-22 ലെ 31,571 കോടി രൂപയില്‍ നിന്ന് 2024-25 ല്‍ 78,851 കോടി രൂപയായി വര്‍ദ്ധിച്ചു. 2024-25 ല്‍ കെഎസ്ആര്‍ടിസി, കെഎസ്എസ്പിഎല്‍, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ആകെ നഷ്ടത്തിന്റെ 72 ശതമാനത്തിനും കാരണമായി. ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ രൂപീകരണത്തിനായി സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ നിരന്തരമായ നഷ്ടം ഈ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം ഇല്ലാതാകാന്‍ കാരണമായി. ഇവയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം ബജറ്റ് വിഹിതത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.