സൗദിയിലെ പ്രവാസി പ്രതിസന്ധികൾ പരിഹരിക്കാൻ ഇടപെടും; സൗദി സന്ദർശനത്തിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്
സൗദി അറേബ്യയിലുള്ള ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന തൊഴിൽ പ്രതിസന്ധികൾ പരിഹരിക്കാൻ ഉന്നതതല ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഓൾ ഇന്ത്യ സ്റ്റിയറിങ് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സൗദിയിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
അക്കൗണ്ടിംഗ് മേഖലയിലെ ബിരുദധാരികൾ അഭിമുഖീകരിക്കുന്ന തൊഴിൽ പ്രശ്നങ്ങൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം, സൗദി എഞ്ചിനീയറിങ് കൗൺസിൽ, ചാർട്ടേർഡ് അക്കൗണ്ടന്റ് ഓർഗനൈസേഷൻ എന്നിവയുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, സൗദിയിലെ വിവിധ പദ്ധതികളിലേക്ക് കൂടുതൽ വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് ഭരണകൂടം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ദീർഘകാലമായി ഊഷ്മളമായ നയതന്ത്ര ബന്ധമാണ് നിലനിൽക്കുന്നത്. ഇന്ത്യൻ അംബാസഡർ വിപുൽ അധ്യക്ഷനായ ചടങ്ങിൽ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി.
