'പിണറായിസത്തെ തോൽപ്പിക്കാൻ യുഡിഎഫിനൊപ്പം'; അസോസിയേറ്റ് അംഗമാക്കിയതിൽ നന്ദി പറഞ്ഞ് പി.വി. അൻവർ
തന്റെ പാർട്ടിയെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയ നടപടിയിൽ യുഡിഎഫ് നേതൃത്വത്തിന് പി.വി. അൻവർ നന്ദി അറിയിച്ചു. ഇന്ന് അതിയായ സന്തോഷമുള്ള ദിവസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മതേതര വിരുദ്ധ നിലപാടുകൾക്കെതിരെ കേരളത്തിലെ ജനങ്ങൾ നൽകിയ വിധിയെഴുത്താണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പിണറായിസത്തെയും മരുമോനിസത്തെയും തോൽപ്പിക്കാൻ സഖാക്കളടക്കം യുഡിഎഫിനൊപ്പം നിൽക്കുമെന്ന് അൻവർ കൂട്ടിച്ചേർത്തു.
താൻ മത്സരിക്കുന്നതിനേക്കാൾ യുഡിഎഫ് അധികാരത്തിൽ വരുന്നതിനാണ് മുൻഗണനയെന്നും മുന്നണി ആവശ്യപ്പെടുന്ന ഏത് സീറ്റിലും മത്സരിക്കാൻ തയ്യാറാണെന്നും അൻവർ വ്യക്തമാക്കി. മത്സരിക്കേണ്ട എന്നാണ് മുന്നണി തീരുമാനമെങ്കിൽ അതിനും താൻ തയ്യാറാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പി.വി. അൻവറിനും സി.കെ. ജാനുവിനും പുറമെ വരും ദിവസങ്ങളിൽ കൂടുതൽ ഇടതു സഹയാത്രികർ യുഡിഎഫിന്റെ ഭാഗമാകുമെന്ന് വി.ഡി. സതീശനും വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരണം വേഗത്തിലാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. സീറ്റ് വിഭജന ചർച്ചകൾ ജനുവരി മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാൻ കൊച്ചിയിൽ നടന്ന യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇടതുമുന്നണി വിട്ടുവന്ന കക്ഷികളെ ഉൾപ്പെടുത്തി ശക്തി വർധിപ്പിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
