വനിതാ സംവരണ ബിൽ ലോക്സഭയിൽ; പ്രതിപക്ഷ ബഹളം
ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ വനിതാസംവരണ ബില്ല് അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരോട് സീറ്റിൽ ഇരിക്കാൻ സ്പീക്കർ നിർദേശം നൽകി. അതിനിടെ അന്തരിച്ച ഗായിക ആശാ ബോസ്ലെക്കും അന്തരിച്ച മുൻ അംഗങ്ങൾക്കും സഭ ആദരാഞ്ജലി അർപ്പിച്ചു. ശേഷം സഭാനടപടികൾ തുടങ്ങിയെങ്കിലും ബില്ലിൽ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം.
ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്. വനിത ബിൽ ഭേദഗതി അവതരിപ്പിക്കാൻ സർക്കാർ അനുമതി തേടിയതോടെ കെസി വേണുഗോപാൽ എംപി എതിർത്ത് സംസാരിച്ചു. ഫെഡറൽ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും കെസി പറഞ്ഞു. ഇതോടെ സ്പീക്കർ ഇടപെട്ടു. എന്നാൽ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തി. എല്ലാം സംസാരിക്കാൻ അവസരം നൽകുമെന്നും എല്ലാവർക്കും സമയം ലഭിക്കുെമന്നും സ്പീക്കർ പറഞ്ഞു. ബില്ലിൽ എതെങ്കിലും വിഷയം ഉണ്ടെങ്കിൽ അത് ചർച്ചയിൽ പറയണമെന്ന് അമിത് ഷാ പറഞ്ഞു. അവതരണത്തിലെ സാങ്കേതിക പ്രശ്നമാണ് ഇപ്പോൾ പറയേണ്ടതെന്നും സഭയിലെ ചട്ടം പാലിക്കണമെന്നും അമിത് ഷാ പറഞ്ഞു.
സെൻസസ് നടപ്പാക്കിയിട്ടാണ് പുനർനിർണ്ണയം വേണ്ടത്. ഇന്ത്യൻ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിത്. 2029 ൽ പരാജയം മറിക്കടക്കാനുള്ള നീക്കമാണ്. ബിൽ പിൻവലിക്കണമെന്നും കെസി ആവശ്യപ്പെട്ടു. ഭരണഘടന പാലിച്ചു വേണം ബിൽ അവതരിപ്പിക്കാനെന്ന് എസ് പി അംഗം ധർമ്മേന്ദ്ര യാദവ് പറഞ്ഞു. ബില്ലിനെ ശക്തമായി എതിർക്കുകയാണ്. വനിതാ സംവരണത്തിന്റെ പേരിൽ ഒളിച്ചുകടത്ത് നടക്കുന്നുവെന്നും ബിൽ പിൻവലിക്കണമെന്നും എസ് പി ആവശ്യപ്പെട്ടു. മതത്തിന്റെ പേരിൽ സംവരണമില്ലെന്ന് കിരൺ റിജജ്ജു പറഞ്ഞു. മുസ്സീം വനിത, ഹിന്ദു വനിത എന്ന് ഇല്ലെന്നും സമാജ് വാദി പാർട്ടി അംഗത്തിന് മന്ത്രി മറുപടി നൽകി. അതിനിടെ സെൻസസ് തുടങ്ങിയെന്നും അത് പുരോഗമിക്കുകയാണെന്നും അമിത് അമിത് ഷാ മറുപടി നൽകിയപ്പോൾ പ്രതിപക്ഷം വീണ്ടും ബഹളം വെച്ചു. ജാതി സെൻസസ് മഹിള ബില്ലിന് മുൻപ് കൊണ്ടുവരണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഈ സെൻസസിൽ ജാതിയും രേഖപ്പെടുത്താനാകും. മുസ്സീം വനിതകൾക്ക് പ്രത്യേകം സംവരണമില്ല. അമിത് ഷാ പറയുന്നത് ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
