എഐ ഉച്ചകോടിയിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

  1. Home
  2. Latest

എഐ ഉച്ചകോടിയിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

uday bhanu chib


ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര എഐ (AI) ഉച്ചകോടിക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ചിബിന്റെ അറസ്റ്റ് ഇന്ന് രാവിലെ 9 മണിയോടെ തിലക് മാര്‍ഗ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. ഉച്ചകോടിക്കിടെ നടന്ന പ്രതിഷേധങ്ങളുടെ മുഖ്യ സൂത്രധാരൻ ഉദയ് ഭാനു ചിബ് ആണെന്നാണ് പോലീസിന്റെ ആരോപണം. അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി.

പ്രതിഷേധക്കാർ ധരിച്ചിരുന്ന ടീ ഷർട്ടുകൾ കണ്ടെത്താനുണ്ടെന്നും ചിബ് തന്റെ മൊബൈൽ ഫോണിന്റെ പാസ്‌വേഡ് നൽകാൻ തയ്യാറായിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ വിശദമായ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാൽ, വെറും ടീ ഷർട്ടുകൾ കണ്ടെത്താനായി ഒരു ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്യുന്നത് ബാലിശമാണെന്ന് ചിബിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ചിബ് നേരത്തെ രണ്ട് തവണ പോലീസിന് മുന്നിൽ ഹാജരായതായും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പൊതുപ്രവര്‍ത്തകനെ ഉപദ്രവിക്കല്‍ തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.