കൊളസ്ട്രോൾ എളുപ്പം നിയന്ത്രിക്കാം; ഇവയെല്ലാം ഒന്നു ശ്രദ്ധിക്കൂ

കൊളസ്ട്രോൾ ഇന്ന് പലർക്കും പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കൊളസ്ട്രോൾ കാരണമകും. നമ്മുടെ ശരീരത്തിൽ ചില ഹോർമോണിന്റെ ഉത്പാദനത്തിനും അതുപോലെതന്നെ വിറ്റാമിനുകളുടെ ശരിയായിട്ടുള്ള കൊളസ്ട്രോൾ വളരെ അത്യന്താപേക്ഷിതമാണ്. എന്നാൽ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതിന് പുറമേ ആഹാരത്തിൽ കൂടെയും കൊളസ്ട്രോൾ വരുമ്പോളാണ് അത് ഒരു പ്രശ്നമായി തീരുന്നത്. പാരമ്പര്യം ആണെങ്കിൽ പോലും ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ നമുക്ക് കൊളസ്ട്രോൾ ഒരുവിധത്തിൽ പരിഹരിക്കാം.
അന്നജം കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ അതായത് ചോറ് ചപ്പാത്തി ബ്രഡ് ഉരുളക്കിഴങ്ങ് തുടങ്ങി കിഴങ്ങ് വർഗ്ഗങ്ങൾ ഇവയുടെയൊക്കെ അമിതമായ ഉപയോഗവും ഫൈബർ ഉള്ള ആഹാരത്തിന്റെ കുറവും കൂടിയാകുന്നത് ശരീരത്തിന് നല്ലതല്ല. നാരുള്ള പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുക ഫ്രൂട്ട്സ് ജ്യൂസ് ആയി കഴിക്കുന്നതിന് പകരം ഫ്രൂട്ട്സ് ആയി തന്നെ കഴിക്കുക പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുക എന്നിവയൊക്കെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ അത്യാവശ്യ ഘടകമാണ്.
നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ രക്തത്തില്‍ കൂടിയിരിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലത്. നല്ല കൊളസ്ട്രോൾ കൂടണമെങ്കിൽ വ്യായാമം അത്യന്താപേക്ഷിതമാണ്. എല്ലാദിവസവും ഒരു 45 മിനിട്ട് മുതൽ 1 മണിക്കൂർ വരെ വ്യായാമം ഉണ്ടെങ്കിൽ അത് ഹൃദയത്തെ സംരക്ഷിക്കുന്നു. നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ പല ഭക്ഷണങ്ങളും സഹായിക്കും. അതില്‍ ഏറ്റവും പ്രധാനം ഒമേഗ ത്രി ഫാറ്റിആസിഡുകള്‍ (Omega 3 fatty acids) അടങ്ങിയിട്ടുള്ളവയാണ്. നാലു തരം ഭക്ഷണ പദാർഥങ്ങളില്‍ അവ അടങ്ങിയിരിക്കുന്നു.
മത്സ്യങ്ങള്‍ - മത്തി, അയല, ചൂര, ചാള, ട്യൂണ, മത്സ്യഎണ്ണകള്‍
അണ്ടിപ്പരിപ്പുകള്‍ (Nuts) - ബദാം, വാള്‍നട്സ്, കാഷ്യുനട്സ്, നിലക്കടല.
മുളകള്‍ (Seeds) – ഫ്ളാക്സ് സീഡ് (ചെറുചണവിത്ത്)
എണ്ണകള്‍ – ഒമേഗ ത്രി ഫാറ്റിആസിഡ് ധാരാളം അടങ്ങിയിട്ടുള്ള എണ്ണയാണ് ഒലീവ്ഓയില്‍. സാലഡിനും മറ്റും ഇത് ഉപയോഗിക്കാം. കടുകെണ്ണയും നല്ലതാണ്. ഇത് പാചകത്തിന് ഉപയോഗിക്കാം.നാരുകള്‍ കൂടുതലുള്ള പയറുവര്‍ഗങ്ങള്‍, ചെറുപയര്‍, സോയാബീന്‍, ഇലക്കറികള്‍, പാഷന് ഫ്രൂട്, പേരയ്ക്ക എന്നിവ നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും. ആറു മണിക്കൂര്‍ കുതിര്‍ത്തെടുത്ത ചെറുപയര്‍ വളരെ ഫലപ്രദമാണ്.
എൽഡിഎൽ അതായത് ചീത്ത കൊളസ്ട്രോൾ ആരോഗ്യത്തിന് ദോഷം ചെയ്യും. കാരണം അത് ധമനികളിൽ അടിഞ്ഞുകൂടുകയും തടസ്സങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. കൂടുതൽ നമ്മൾ വറുത്തതും പൊരിച്ചതുമായുള്ള സാധനങ്ങൾ കഴിക്കുക പിന്നെ ബേക്കറിയിൽ നിന്ന് ലഭിക്കുന്ന ഫാറ്റ് ചേർത്ത സാധനങ്ങൾ ശരീരത്തിൽ ഉൾപ്പെടുത്തുക എന്നിവ വഴി ഈ കൊളസ്ട്രോൾ വളരെ കൂടാൻ സാധ്യതയുണ്ട് അതിനാൽ ബേക്കറി സാധനങ്ങൾ റിഫൈൻഡ് ആയിട്ടുള്ള മൈദയുടെ ഉപയോഗം എന്നിവ കുറച്ച് ശരിയായ ആഹാരരീതിയും ചേർത്ത് ജീവിതം ക്രമീകരിക്കുന്നതോടെ നമുക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ തന്നെ റെഡ് മീറ്റ് ഉപയോഗവും ദോഷം ചെയ്യും.
പിന്നെ എല്ലാവരുടെയും സംശയം ഏത് എണ്ണ ഉപയോഗിക്കാം എന്നുള്ളതാണ് ഏത് ഉപയോഗിക്കാം എന്നതിനുള്ളതിനെക്കാൾ അതിൻറെ അളവാണ് പ്രധാനം. വെളിച്ചെണ്ണ ആണെങ്കിൽ ഒരു മൂന്ന് ടീസ്പൂൺ കൂടുതൽ ആഹാരത്തിൽ ഉൾപ്പെടുത്തരുത്. രാവിലെ എണീക്കുമ്പോൾ കറുവാപ്പട്ട ചൂടാക്കി പൊടിച്ച് ഒരു ടീസ്പൂൺ ചെറു ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകമാണ്.