ലളിതമായ സ്ക്രീനിങ് ടെസ്റ്റ് മതി; ക്യാൻസർ എളുപ്പത്തിൽ കണ്ടെത്താം
ക്യാൻസർ ലോകജനത അഭിമുഖീകരിക്കുന്ന പകര്‍ച്ചേതര വ്യാധികളില്‍ ഏറ്റവും മുന്നില്‍നിൽക്കുന്നു. ക്യാന്‍സറും താരതമ്യേന സങ്കീര്‍ണതകള്‍ കുറഞ്ഞവ മുതല്‍ മാസങ്ങളോ വര്‍ഷങ്ങളോ രോഗം കൊണ്ടു നടന്നിട്ടും ഒരിക്കല്‍പോലും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത തരം ക്യാന്‍സറുകള്‍ വരെ ഉണ്ട്. ക്യാന്‍സര്‍ ബാധിക്കുന്നതിനു പ്രായ വ്യത്യാസമോ ലിംഗ വ്യത്യാസമോ വര്‍ഗ വര്‍ണ വ്യത്യാസങ്ങളോ ഇല്ല . ശരീരത്തിന്റെ ഏതുഭാഗത്തെയും ക്യാന്‍സര്‍ ബാധിക്കാം. ലളിതമായ പരിശോധനകള്‍ കൊണ്ട് പല ക്യാന്‍സറുകളും കണ്ടുപിടിക്കാന്‍ കഴിയും.
ലളിതമായ സ്ക്രീനിങ് ടെസ്റ്റുകളിലൂടെ എളുപ്പത്തില്‍ കണ്ടു പിടിക്കാവുന്ന അനേകം തരം ക്യാൻസറുകള്‍ ഉണ്ട്. സ്തനാര്‍ബുദം, ഗര്‍ഭാശയ ഗള ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി, ആഗ്നേയ ഗ്രന്ഥി, അണ്ഡാശയങ്ങള്‍, വന്‍കുടല്‍ തുടങ്ങിയ ഭാഗങ്ങളില്‍ വരുന്ന അര്‍ബുദം ലളിതമായ പരിശോധനകള്‍ വഴി നേരത്തെ കണ്ടെത്താന്‍ കഴിയും. എന്നു മാത്രമല്ല , ഇങ്ങനെ നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഇവയില്‍ പലതും പൂര്‍ണമായിത്തന്നെ ചികില്‍സിച്ചു ഭേദമാക്കാനും കഴിഞ്ഞേക്കും.
വിദ്യാസന്പന്നര്‍ പോലും ഇത്തരം സ്ക്രീനിംഗ് പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ ചെയ്യുന്നതില്‍ വിമുഖരാണ്. കാലേക്കൂട്ടി രോഗനിര്‍ണയം നടത്തുന്നതിനുള്ള മനസികാവസ്ഥയിലേക്കു നമ്മുടെ സമൂഹത്തെ കൊണ്ടുവരുന്നതാണ് ആദ്യ കടന്പ. വിവിധ കാരണങ്ങളാല്‍ രോഗനിര്‍ണയം വൈകിപ്പിച്ചു സങ്കീര്‍ണതകള്‍ വന്നുഭവിച്ച ശേഷമാണ് പലരും ചികിത്സ തേടുന്നത് എന്നതാണ് ഇന്നത്തെ ദുരവസ്ഥ.
ശക്തമായ ബോധവത്കരണത്തിലൂടെ രോഗത്തെക്കുറിച്ചുള്ള അവബോധം സാധാരണജനങ്ങളില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. രോഗങ്ങള്‍ ഒന്നുമില്ലെന്ന് കരുതിയിരിക്കുന്ന ജനങ്ങളെ പരിശോധിച്ചു രോഗം ഉണ്ടെങ്കില്‍ കണ്ടെത്തുക, രോഗം കണ്ടെത്തിയവരെ കൃത്യവും ശാസ്ത്രീയവുമായ ചികിത്സയ്ക്ക് വിധേയമാക്കുക, ഓപ്പറേഷന്, റേഡിയേഷന്, മരുന്നുചികിത്സ എന്നിവയൊക്കെ തരാതരം ഏര്‍പ്പാടാക്കുകയും അവയൊക്കെ സ്വീകരിക്കാന്‍ രോഗിയെ സന്നദ്ധമാക്കുകയും ചെയ്യുക.
സങ്കീര്‍ണതകള്‍ വന്നുപോയവര്‍ക്ക് അവയ്ക്കുള്ള ചികിത്സ ലഭ്യമാക്കുക, സാന്ത്വനചികിത്സ മാത്രം നല്കാന് കഴിയുന്ന രോഗികള്‍ക്കു മാനസികവും ശാരീരികവുമായ സാന്ത്വനം നല്‍കുക. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ആവശ്യമായവര്‍ക്കു അവ പ്രാപ്തമാക്കുക എന്നിങ്ങനെ ക്യാൻസറിനെ നേരിടാനുള്ള പരിപാടികള്‍ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കേണ്ടിയിരിക്കുന്നു. ഇന്നുണ്ടാകുന്ന കാന്‍സറുകളില്‍ മൂന്നില്‍ ഒന്ന് തടയാവുന്നവയാണ്. പരിശോധനകളിൽനിന്ന് ഒഴിഞ്ഞുമാറാതരിക്കുക.