യാത്രകളിലെ ഹോട്ടൽ താമസം എളുപ്പമാക്കാം; ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കാം
യാത്രകളിൽ ഹോട്ടലിലുള്ള താമസം ഒഴിവാക്കാനാവാത്ത ഒന്നാണ്. ഹോട്ടലിലെ താമസം കൂടുതൽ ആസ്വദിക്കാൻ ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ എളുപ്പം സാധിക്കും. ഹോട്ടലിലെ താമസങ്ങളെ എളുപ്പമാക്കാൻ സഹായിക്കുന്ന വസ്ത്രങ്ങൾ എടുത്തുവയ്ക്കുന്നതു മുതൽ അത്യാവശ്യം വേണ്ട സാധനങ്ങൾ വരെയുള്ള കാര്യങ്ങൾ നോക്കാം.
തുണി
യാത്രകൾക്ക് മുമ്പായി വസ്ത്രങ്ങൾ എല്ലാവരും എടുത്തുവയ്ക്കും. ഭൂരിഭാഗവും വൃത്തിയിൽ തേച്ചെടുത്ത വസ്ത്രങ്ങൾ മടക്കി വയ്ക്കുകയാവും ചെയ്യുക. ഔദ്യോഗിക യാത്രകൾക്ക് അലക്കി തേച്ച വസ്ത്രങ്ങൾ ഗുണം ചെയ്യും. എന്നാൽ വിനോദയാത്രയാണെങ്കിൽ വസ്ത്രങ്ങൾ റോൾ ചെയ്തു വെക്കുന്ന രീതി ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. കുറഞ്ഞ സ്ഥലത്തിൽ കൂടുതൽ വസ്ത്രങ്ങൾ കൊണ്ടുപോവാനാവും.
ഒരുമിച്ചു വയ്ക്കണം
ധരിക്കേണ്ട വസ്ത്രങ്ങൾ ജോഡിയായി അടിവസ്ത്രങ്ങൾ സഹിതം സൂക്ഷിച്ചാൽ എളുപ്പത്തിൽ ഓരോ സ്ഥലത്തേക്കെത്തുമ്പോൾ ഓരോന്നായി എടുക്കാനാവും. അല്ലെങ്കിൽ ബാഗ് മൊത്തം വലിച്ചു വാരിയിടുന്ന നില പലപ്പോഴും ഉണ്ടാവും.
ഭാരമുള്ളവ താഴെ
ബാഗിൽ ഭാരമുള്ള വസ്തുക്കൾ ഏറ്റവും താഴെ വെക്കുന്നതാണ് നല്ലത്. ഇത് മറ്റു വസ്തുക്കൾ ഞെരിഞ്ഞമർന്നു പോവുന്നത് ഒഴിവാക്കാൻ സഹായിക്കും.
ബ്രഷ്, പേസ്റ്റ്, മേക്ക് അപ്പ്
ബ്രഷുകളും പേസ്റ്റിനും മേക്ക് അപ്പ് സാധനങ്ങൾക്കുമെല്ലാം പ്രത്യേകം കവറുകളോ ചെറിയ ബാഗുകളോ കരുതുന്നത് നന്നായിരിക്കും. എന്തെങ്കിലും കാരണവശാൽ ഈ സാധനങ്ങൾ ചോർച്ചയോ മറ്റോ ഉണ്ടായി ബാഗിലെ മറ്റു സാധനങ്ങളെ കൂടി ബാധിക്കുന്നത് ഒഴിവാക്കാൻ ഈ മുൻകരുതൽ സഹായിക്കും.
സാനിറ്റൈസർ
കോവിഡിനു ശേഷം ലോകം പൊതുവിൽ വൃത്തിയുടെ കാര്യത്തിലും അണുനശീകരണത്തിലും കൂടുതൽ ശ്രദ്ധിക്കാറുണ്ട്. ഹോട്ടലുകളിൽ താമസിക്കുമ്പോൾ അണുക്കൾ പകരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സാനിറ്റൈസറുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും.
വസ്ത്രങ്ങൾ
ഹോട്ടലിൽ താമസിക്കുമ്പോഴും കാഷ്വൽ വസ്ത്രങ്ങൾ കൂടെ കരുതണം. രാത്രിയിലും മറ്റും അടുത്തുള്ള സ്ഥലങ്ങളിലേക്കു പോവുമ്പോഴും ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കാനാവും. നീന്തൽകുളത്തിന്റെ സൗകര്യമുള്ള ഹോട്ടലുകളെങ്കിൽ നീന്തൽ വസ്ത്രങ്ങൾ കൂടി എടുക്കുന്നതും നന്നയിരിക്കും. ഇനി കടലോരത്തോ മലകളോടോ ചേർന്നോ ഒക്കെയാണ് താമസമെങ്കിൽ സൺഗ്ലാസും ചെരിപ്പുകളും ഹൈക്കിങ് സൺസ്ക്രീമും ഒക്കെ കരുതുന്നതും ഗുണം ചെയ്യും.
ഇലക്ട്രോണിക്സ്
യാത്രക്കിടയിൽ ഉപയോഗിക്കാൻ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കയ്യിൽ കരുതാം. ക്യാമറ, ലാപ്ടോപ് എന്നിവക്കൊപ്പം ചാർജറുകളും എക്സ്റ്റേണൽ മെമ്മറി ഉപകരണങ്ങളുണ്ടെങ്കിൽ അതും കരുതണം.
മരുന്നും അവശ്യ നമ്പറുകളും
എന്തെങ്കിലും അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവരാണെങ്കിൽ അവയും കരുതണം. നിങ്ങൾ പോകുന്നിടത്ത് കഴിക്കുന്ന അതേ മരുന്നുകൾ ലഭിച്ചുകൊള്ളണമെന്നില്ല. ജലദോഷം, പനി, പുറംവേദന, ചെറിയ മുറിവുകൾ എന്നിവ നേരിടാൻ സഹായകരമാകും. ഏറ്റവും നല്ലത് ഫസ്റ്റ് എയ്ഡ് കിറ്റ് ഒരെണ്ണം കയ്യിൽ കരുതുന്നതാണ്. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഫോൺ നമ്പറുകൾ കൈവശം വയ്ക്കുന്നതും നല്ലതാണ്.