ഈ ചൂടത്ത് ഫുൾ ടൈം എസിയിൽ ആണോ ഇരിപ്പ്; പണി കിട്ടുന്നത് മുടിയ്ക്കും ചർമ്മത്തിനും, അറിയാം

  1. Home
  2. Lifestyle

ഈ ചൂടത്ത് ഫുൾ ടൈം എസിയിൽ ആണോ ഇരിപ്പ്; പണി കിട്ടുന്നത് മുടിയ്ക്കും ചർമ്മത്തിനും, അറിയാം

air-conditioned


ദിനംപ്രതി ചൂട് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. ചൂട് കൂടുന്നത് കാരണം എസിയുടെ ഉപയോഗവും നാട്ടിൽ കൂടി വരികയാണ്. രാത്രിയിലും പകലുമൊക്കെ നിർത്താതെ എസി ഉപയോഗിക്കുന്നവരുണ്ട്. വീടുകളിലും ഓഫീസുകളിലുമൊക്കെ ഇപ്പോൾ എസി എല്ലാവരും ഉപയോഗിക്കുന്നുണ്ട്. എസിയുടെ ഈ അമിതമായ ഉപയോഗം ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും മുടിയ്ക്കും അത്ര നല്ലതല്ല എന്ന വാസ്തവും പലർക്കും അറിയില്ല. അമിതമായി എസിയിൽ ഇരിക്കുന്നത് മുടികൊഴിച്ചിലും ചർമ്മം വരണ്ടതാക്കാനും കാരണമാകുന്നു. എസിയുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്.

വരണ്ട ചർമ്മവും മുടിയും  
എസിയിൽ ദീർഘനേരം ഇരിക്കുന്നത് ചർമ്മം വരണ്ട് പോകാൻ കാരണമാകാറുണ്ട്. ചർമ്മത്തിൽ ഈർപ്പം വലിച്ചെടുക്കുകയും കൂടുതൽ വരണ്ടതാക്കാനും എസിയ്ക്ക് കഴിയും. ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും അത്ര നല്ലതല്ല എസി. എസിയുടെ ഉപയോഗം ഈർപ്പത്തിനെ വലിച്ചെടുക്കാൻ കാരണമാകുന്നു. മാത്രമല്ല ചുണ്ടും വരണ്ട് വിണ്ടുകീറാനുള്ള സാധ്യത വളരെ കൂടുതലാണ്. മുടിയുടെയും ചർമ്മത്തിന്റെയും സ്വാഭാവിക ഭംഗിയും തിളക്കവും നഷ്ടപ്പെടുത്താൻ എസി ഒരു വലിയ കാരണമാണ്.

ചർമ്മത്തിൽ ചുളിവുകൾ 
പ്രായമാകുന്നതിന് മുൻപെ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് പലരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. അമിതമായി എസിയിൽ ഇരിക്കുന്നത് മൂലം ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പവും ഇലാസ്തികതയും ഇല്ലാതാക്കുന്നു. ഇത് ചർമ്മത്തിൽ വേഗത്തിൽ ചുളിവുകൾ വരാൻ കാരണമാകാറുണ്ട്. ചർമ്മത്തിന് നല്ല രീതിയിലുള്ള മോയ്ചറൈസർ ഉപയോഗിക്കാൻ ശ്രമിക്കേണ്ടത് ഏറെ പ്രധാനമാണ്.

തലയിൽ ചൊറിച്ചിൽ 
എസിയുടെ ഉപയോഗം കാരണമുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുടിയുടെ സ്വാഭാവിക ഈർപ്പം നഷ്ടമായി പോകുന്നത്. ഇത് മുടിയ്ക്ക് വരൾച്ചയും അതുപോലെ അമിതമായ ചൊറിച്ചിലിനും കാരണമാവും. എസിയിൽ ഇരിക്കുന്നതിന് മുൻപ് ചർമ്മത്തിനും മുടിയ്ക്കും ആവശ്യമായ രീതിയിലുള്ള സംരക്ഷണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പരിഹാരം
മുടിയ്ക്കും ചർമ്മത്തിനും വേണ്ട വിധത്തിലുള്ള സംരക്ഷണം ഉറപ്പാക്കേണ്ടത് ഏറെ പ്രധാനമാണ്. ദീർഘനേരം എസിയിൽ ഇരിക്കേണ്ടി വരുന്നവർ തീർച്ചയായും ഈ വീട്ടുവൈദ്യം പരീക്ഷിക്കാവുന്നതാണ്. ചർമ്മത്തിനും മുടിക്കും ആവശ്യത്തിന് ഈർപ്പവും വരൾച്ച മാറ്റാനും ഈ വീട്ടു വൈദ്യം സഹായിക്കും. അൽപ്പം റോസ് വാട്ടറും കുറച്ച് തുള്ളി നാരങ്ങ നീരും ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖത്തും ചർമ്മത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലെ ചൊറിച്ചിൽ മാറ്റാനും ചർമ്മം മൃദുവാക്കാനും ഏറെ നല്ലതാണ് ഈ മിശ്രിതം.