സെക്സിനിടയിൽ ശ്രദ്ധിക്കണം; അപകടങ്ങളുണ്ടാകാൻ സാധ്യത, ഇവ അറിയാം
ശരീരത്തിനും മനസ്സിനും സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്. ആരും അധികം ചിന്തിക്കാറില്ലെങ്കിലും അങ്ങനെയൊരു വശം കൂടി ലൈംഗികതയ്ക്കുണ്ട്. സെക്സിനിടയിൽ ഒഴിവാക്കേണ്ടതോ, അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടതോ ആയ ചില സംഗതികളുണ്ട്. നിസ്സാരമെന്നു കരുതുന്ന പല കാര്യങ്ങളും ചിലപ്പോൾ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാം. അത് എന്തൊക്കെയെന്നു നോക്കാം.
ചെറിയ മുറിവുകൾ
ലൈംഗികബന്ധത്തിനിടയിൽ സ്ത്രീയ്ക്കോ പുരുഷനോ മുറിവുകൾ സംഭവിക്കാം. ദീർഘനേരം നീണ്ടു നിൽക്കുന്ന സംയോഗവേളകളിലോ ലൂബ്രിക്കേഷൻ കുറയുന്നത് മൂലമോ ചിലപ്പോൾ ഇത്തരം മുറിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മുറിവ് വേഗത്തിൽ ഉണങ്ങണമെങ്കിൽ കുറച്ചു ദിവസത്തേക്ക് ലൈംഗികബന്ധം ഒഴിവാക്കണം.
കിടപ്പുമുറി അല്ലാത്ത ഇടങ്ങളിലാണ് ലൈംഗിക ബന്ധത്തിന് തയാറെടുക്കുന്നതെങ്കിൽ വൃത്തിയുള്ള സ്ഥലമാണെന്ന് ഉറപ്പുവരുത്തണം. പരുക്കൻ പ്രതലം ശരീരത്തിൽ മുറിവുകളും പാടുകളും ഉണ്ടാക്കും.
ലിംഗത്തിന് ഒടിവ്
സെക്സിലെ ഏറ്റവും അപകടകരമായ അവസ്ഥയാണ് ഇത്. തെറ്റായ പൊസിഷൻ സ്വീകരിക്കുന്നതാണ് ഇതിനു കാരണം. ലൈംഗികബന്ധസമയത്ത് രക്തപ്രവാഹം മൂലമാണ് ലിംഗം വികസിക്കുന്നത്. ലിംഗത്തിൽ എല്ലുകൾ ഇല്ല. അതുകൊണ്ട് തന്നെ തെറ്റായ പൊസിഷനുകൾ അപകടം ക്ഷണിച്ചു വരുത്തും. കഠിനമായ വേദനയാണ് ഒരു ലക്ഷണം. ഉടൻ ഡോക്ടറിനെ സമീപിക്കുക.
പുകച്ചിൽ
ലൈംഗികബന്ധത്തിനു ശേഷം ലിംഗത്തിലോ യോനിയിലോ പുകച്ചിൽ ചിലർക്ക് അനുഭവപ്പെടാം. യോനിയിൽ ആവശ്യത്തിനു ലൂബ്രിക്കേഷൻ ഇല്ലെങ്കിലും ഇതുണ്ടാകും. ഇവിടെയാണ് ഫോർപ്ലേയുടെ ആവശ്യകത. സാവധാനം ഇരുവരും നല്ല മൂഡിലേക്ക് വന്നശേഷം സെക്സിൽ ഏർപെട്ടാൽ ഈ പ്രശ്നം പരിഹരിക്കാം.
മൂത്രാശയ അണുബാധ
സെക്സിനു ശേഷം മൂത്രാശയ രോഗങ്ങൾ സ്ത്രീകളിൽ പൊതുവേ ധാരാളമായി കണ്ടുവരാറുണ്ട്. വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികബന്ധത്തിന് മുൻപും ശേഷവും മൂത്രമൊഴിക്കുന്നതും ലൈംഗികാവയവം കഴുകുന്നതും അണുബാധയുടെ സാധ്യത കുറയ്ക്കും.
ലിംഗത്തിലെ ചുവപ്പ് പാടുകൾ
ചിലപ്പോൾ സെക്സിനു ശേഷം പുരുഷന്മാർക്ക് ഈ പ്രശ്നം ഉണ്ടാകാം. ലിംഗത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന കപ്പിലെറി ഹെമറെജ് ആണ് ഇതിനു കാരണമാകുന്നത്. ആവശ്യത്തിനു വിശ്രമം എടുത്ത ശേഷവും ഈ പ്രശ്നം അലട്ടിയാൽ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങേണ്ടത് അത്യാവശ്യമാണ്. യോനിയിലോ ലിംഗത്തിലോ ദിവസങ്ങളായി വേദന ഉണ്ടായാൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.