സുന്ദരമായ ചുണ്ടുകൾ സ്വന്തമാക്കാം; ഇതാ ചില പൊടിക്കൈകൾ
പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ വേണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. വളരെ പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ ചുണ്ടുകൾക്ക് പിങ്ക് നിറം ലഭ്യമാക്കാം എന്ന് നോക്കാം. ഇതിനായി ബീറ്റ്റൂട്ട് ആണ് ഉപയോഗിക്കുന്നത്. ഇരുണ്ട ചുണ്ടുകൾ അകറ്റി ചുണ്ടുകൾക്ക് സ്വാഭാവികമായ പിങ്ക് നിറം ലഭ്യമാക്കാൻ ബീറ്റ്റൂട്ട് സഹായിക്കുന്നു.
ബീറ്റ്റൂട്ട് ചുണ്ടുകൾക്ക് മികച്ച പോഷണം നൽകുന്നതോടൊപ്പം വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തി ഒരു പ്രകൃതിദത്ത മോയിസ്ചറൈസർ ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളുടെ മൃദുത്വം നിലനിർത്താനും ചുണ്ടുകൾ മൃദുവാക്കുന്നതിനും സഹായിക്കുന്നു. ദിവസേന ചുണ്ടുകളിൽ ബീറ്റ്റൂട്ട് പുരട്ടുന്നത് ചുണ്ടുകൾ ഭംഗിയുള്ളതാക്കി തീർക്കും.
അതായത് നിരവധി രാസവസ്തുക്കൾ അടങ്ങിയ കടകളിൽനിന്ന് വാങ്ങുന്ന ലിപ് ബാമുമുകൾ ഉപയോഗിക്കുന്നതിനേക്കാൾ പ്രകൃതിദത്തമായ ലിപ്ബാം ആയി ബീറ്റ്റൂട്ട് ഉപയോഗിക്കാവുന്നതാണ്.
ചുണ്ടുകളെ സ്വാഭാവികമായി പിങ്ക് നിറം ഉള്ളതാക്കുന്നതിന് ഒരു കഷണം ബീറ്റ്റൂട്ട് 15 മുതൽ 20 മിനിറ്റ് വരെ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം ചുണ്ടിൽ പുരട്ടുന്നത് ഗുണം ചെയ്യും. അതുപോലെതന്നെ അല്പം ബീറ്റ്റൂട്ട് ജ്യൂസ് എടുത്ത് അതിലേക്ക് കുറച്ച് നാരങ്ങാനീര് ചേർത്തതിനുശേഷം ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകൾ തിളക്കമുള്ളതാക്കി തീർക്കാൻ സഹായിക്കും.