ദിവസവും കട്ടൻചായ കുടിക്കുന്നവരാണോ?; ഇത് അറിഞ്ഞിരിക്കണം

രാവിലെയും വെെകിട്ടും രാത്രിയുമൊക്കെ ചായ കുടിക്കുന്നവർ നിരവധിയാണ്. ചായ കുടിക്കാതിരുന്നാൽ തലവേദന അനുഭവിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടാവും. കട്ടൻചായ, പാൽചായ, ഇഞ്ചിചായ, ഗ്രീൻ ടീ എന്നിങ്ങനെ നിരവധി ചായകൾ ഉണ്ട്. പാൽചായയെ ഇഷ്ടപ്പെടുന്നപോലെയാണ് മലയാളികൾക്ക് കട്ടൻചായയും. ചില സമയത്ത് പാൽചായയ്ക്ക് പകരം ഒരു കട്ടൻചായ കുടിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. കട്ടൻചായ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നിങ്ങൾക്ക് അറിയാമോ? ഇത് എന്തെല്ലാം ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നതെന്ന് നോക്കാം.
തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് കട്ടൻചായ. പതിവായി കട്ടൻചായ കുടിക്കുന്നത് ഡിമെൻഷ്യയുടെ സാദ്ധ്യത പോലും കുറയ്ക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ ക്ഷീണം അകറ്റാനും മാനസിക ഉണർവിനും ഊർജനില ഉയർത്താനും കട്ടൻചായ വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
സ്ഥിരമായി കട്ടൻചായ കുടിക്കുന്നത് കൊളസ്ട്രോൾ, പ്രമേഹം എന്നിവയെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു. ടാനിൻ, തേഫ്ലാവിൻ തുടങ്ങിയ കട്ടൻചായയിലെ പോളിഫെനോൾ ഇൻസുലിൻ പ്രവർത്തനം വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ പ റയുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. അതിനായി മധുരമില്ലാത്ത കട്ടൻചായ വേണം കുടിക്കാൻ.