'പപ്പടം പോലും വേണ്ട'; പച്ചരി ബിരിയാണി പത്ത് മിനിട്ടിൽ തയ്യാർ

  1. Home
  2. Lifestyle

'പപ്പടം പോലും വേണ്ട'; പച്ചരി ബിരിയാണി പത്ത് മിനിട്ടിൽ തയ്യാർ

pachari biriyani


ഒരു ഉഗ്രൻ ബിരിയാണിയുടെ രുചിക്കൂട്ട് പരിചയപ്പെടാം. ഈ ബിരിയാണി തയ്യാറാക്കാൻ കടകളിൽ നിന്നും പ്രത്യേക ബിരിയാണി അരിയൊന്നും വാങ്ങേണ്ട. വീട്ടിലുളള പച്ചരി മാത്രം മതി.

ചേരുവകൾ

പച്ചരി, നെയ്യ്, വെളിച്ചെണ്ണ. ഗ്രാമ്പു, ഏലയ്ക്ക, പട്ട, സവാള, പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുളളി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, കറിവേപ്പില, പുതിനയില, മല്ലിയില, നാരങ്ങനീര് അല്ലെങ്കിൽ വിനാഗിരി, വെളളം, ഉപ്പ്

തയ്യാറാക്കേണ്ട വിധം

ഒന്നര കപ്പ് പച്ചരിയാണ് ബിരിയാണി തയ്യാറാക്കാനായി എടുക്കേണ്ടത്. ഇതിനെ നന്നായി കഴുകിയെടുത്തതിനുശേഷം വെളളം പൂർണമായും മാറാൻ മാറ്റി വയ്ക്കുക. അതിനുശേഷം കുക്കറിൽ ഒരു സ്‌‌പൂൺ നെയ്യും അര ടീസ്‌‌പൂൺ വെളിച്ചെണ്ണയും ചേർക്കുക. ഇത് ചൂടാകുമ്പോൾ രണ്ട് ഏലയ്ക്ക,രണ്ട് പട്ട, ഗ്രാമ്പു എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. ഇതിലേക്ക് ചെറുതായി വട്ടത്തിൽ മുറിച്ചുവച്ചിരിക്കുന്ന സവാളയും ഒരു തക്കാളിയും പച്ചമുളകും ചേർക്കുക.

ഇവ പാകമെത്തിയതിനുശേഷം ഇഞ്ചിയുടെയും വെളുത്തുളളിയുടെയും പേസ്റ്റ് കൂടി ആവശ്യത്തിന് ചേർക്കുക. ഇതിലേക്ക് അര ടീസ്‌പൂൺ മഞ്ഞൾപ്പൊടിയും ഗരംമസാലപ്പൊടിയും ചേർത്ത് യോജിപ്പിക്കുക. വൃത്തിയാക്കിവച്ചിരിക്കുന്ന പച്ചരിയും ഇതിനോടൊപ്പം ചേർത്ത് വറുത്തെടുക്കുക. അതിനുശേഷം മൂന്ന് കപ്പ് വെളളം കുക്കറിൽ ഒഴിക്കുക. ഒരു ടീസ്‌പൂൺ നാരങ്ങാനീരും ചേർത്തുകൊടുക്കണം. ആവശ്യത്തിന് കറിവേപ്പിലയും പുതിനയിലയും മല്ലിയിലയും ഉപ്പും ചേർക്കാൻ മറക്കേണ്ട. ശേഷം കുക്കർ അടച്ചുവച്ച് ഒരു വിസിൽ കേൾക്കുന്നതുവരെ കാത്തിരിക്കുക. സൂപ്പർ ബിരിയാണി തയ്യാർ. ഈ ബിരിയാണി കഴിക്കാൻ ഒരു കറിയുടെയും ആവശ്യമില്ല.