10 മിനിറ്റ് നടത്തം കൊണ്ട് രക്തത്തിലെ പഞ്ചസാരയെ വരുതിയിലാക്കാം; പ്രമേഹ രോഗികൾ അറിയേണ്ടവ
പ്രമേഹരോഗികൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണ് കൃത്യമായ ഭക്ഷണക്രമവും വ്യായാമവും. മരുന്നുകൾക്കൊപ്പം തന്നെ ജീവിതശൈലിയില വരുത്തുന്ന ചെറിയ മാറ്റങ്ങൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വലിയ പങ്കുണ്ട്. ഇതിനായി ഏറ്റവും ലളിതമായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഭക്ഷണശേഷമുള്ള ചെറിയ നടത്തം.
ദിവസവും വെറും 10 മിനിറ്റ് ഇതിനായി മാറ്റിവെച്ചാൽ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രക്തത്തിലെ പഞ്ചസാര എങ്ങനെ കുറയുന്നു?
ഭക്ഷണം കഴിക്കുമ്പോൾ അതിലെ കാർബോഹൈഡ്രേറ്റുകൾ ദഹിച്ച് ഗ്ലൂക്കോസായി മാറുകയും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ചോറ്, ചപ്പാത്തി, ബ്രെഡ് തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾക്ക് ശേഷം ഗ്ലൂക്കോസ് നില ഉയരാം.
ഈ സമയത്ത് നടക്കുന്നത് ശരീരത്തിലെ പേശികളുടെ പ്രവർത്തനം വർദ്ധിപ്പിക്കും. പേശികൾക്ക് ഊർജം ലഭിക്കാൻ ഗ്ലൂക്കോസ് ആവശ്യമായതുകൊണ്ട്, നടക്കുമ്പോൾ അവ രക്തത്തിലെ ഗ്ലൂക്കോസ് ഉപയോഗപ്പെടുത്തുന്നു. ഇത് ഭക്ഷണശേഷമുള്ള പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. ഇൻസുലിന്റെ സഹായമില്ലാതെ തന്നെ പേശികൾക്ക് ഗ്ലൂക്കോസ് ഉപയോഗിക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
എപ്പോഴാണ് നടക്കേണ്ടത്?
- ഭക്ഷണം കഴിച്ച് അധികം വൈകാതെ നടത്തം ആരംഭിക്കുന്നതാണ് കൂടുതൽ പ്രയോജനകരം. സാധാരണയായി ഭക്ഷണം കഴിച്ച് 10 മുതൽ 30 മിനിറ്റിനുള്ളിൽ മിതമായ വേഗത്തിൽ നടക്കാം.
- പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്ക് ശേഷം 10 മുതൽ 15 മിനിറ്റ് വരെ നടക്കുന്നത് നല്ലൊരു ശീലമാക്കാം. ഒറ്റത്തവണ ദീർഘനേരം നടക്കുന്നതിനുപകരം ദിവസത്തിൽ പലതവണ ചെറിയ നടത്തം ശീലിക്കുന്നതും മികച്ച ഫലം തരും.
നടത്തം കൊണ്ടുള്ള മറ്റ് ആരോഗ്യ ഗുണങ്ങൾ
- ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താം: പേശികൾ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കുന്നതിനാൽ ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണം മെച്ചപ്പെടുന്നു.
- ശരീരഭാരം നിയന്ത്രിക്കാം: ദിവസവും ഭക്ഷണശേഷം ചെറിയ നടത്തം ഉൾപ്പെടുത്തുന്നത് കലോറി എരിച്ചുകളയാൻ സഹായിക്കും.
- ഹൃദയാരോഗ്യം: പതിവായ നടത്തം രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.
- ദഹനം മെച്ചപ്പെടുത്താം: ഭക്ഷണശേഷമുള്ള മിതമായ നടത്തം വയറുനിറഞ്ഞ തോന്നൽ കുറയ്ക്കാനും ദഹനപ്രക്രിയയെ സുഗമമാക്കാനും സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- തുടക്കത്തിൽ 5 മുതൽ 10 മിനിറ്റ് വരെ പതുക്കെ നടക്കുക. പിന്നീട് ശാരീരികക്ഷമത അനുസരിച്ച് സമയം കൂട്ടാം. ഭക്ഷണം കഴിച്ചയുടൻ കഠിനമായ വ്യായാമങ്ങൾ ചെയ്യരുത്.
- ഇൻസുലിനോ മറ്റ് മരുന്നുകളോ ഉപയോഗിക്കുന്നവർ ഹൈപ്പോഗ്ലൈസീമിയ (പഞ്ചസാരയുടെ അളവ് തീരെ കുറയുന്നത്) ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് ശ്രദ്ധിക്കണം. നടത്തത്തിനിടയിൽ തലകറക്കം, അമിതമായ ക്ഷീണം, വിറയൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാല് നടത്തം നിർത്തി രക്തത്തിലെ പഞ്ചസാര പരിശോധിക്കുക.
- കാലുകളിൽ മുറിവുകളോ മരവിപ്പോ ഉള്ളവർ അനുയോജ്യമായ ചെരുപ്പുകൾ ധരിക്കാനും ഡോക്ടറുടെ നിർദ്ദേശം തേടാനും ശ്രദ്ധിക്കുക. ഗുരുതരമായ ആരോഗ്യപ്രശ്നമുള്ളവർ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം വ്യായാമരീതികൾ തിരഞ്ഞെടുക്കുക.
പ്രമേഹം നിയന്ത്രിക്കാൻ മരുന്നുകൾക്കൊപ്പം തന്നെ കൃത്യമായ ഭക്ഷണശീലങ്ങളും വ്യായാമവും ഉറപ്പാക്കേണ്ടതുണ്ട്. എങ്കിലും ഇത് ഡോക്ടർ നിർദ്ദേശിച്ച ചികിത്സയ്ക്കോ മരുന്നുകൾക്കോ പകരമാവില്ല.
