ഒറ്റ ഉപയോഗത്തിൽ തന്നെ നര പൂർണമായും അകറ്റാം; ഇതിനായി വീട്ടിൽതന്നെ ഏറെ ഫലപ്രദമായ ഒരു കൂട്ട് തയ്യാറാക്കാം

  1. Home
  2. Lifestyle

ഒറ്റ ഉപയോഗത്തിൽ തന്നെ നര പൂർണമായും അകറ്റാം; ഇതിനായി വീട്ടിൽതന്നെ ഏറെ ഫലപ്രദമായ ഒരു കൂട്ട് തയ്യാറാക്കാം

HAIR


നര മറയ്ക്കാൻ പതിവായി കെമിക്കലുകൾ ഉപയോഗിച്ച് മുടിയും പണവും നഷ്ടമായവർ ഏറെയാണ്. എന്നാൽ രാസവസ്തുക്കൾ യാതൊന്നും ഉപയോഗിക്കാതെ തന്നെ മുടിയുടെ സ്വാഭാവിക നിറം വീണ്ടെടുക്കാനായാലോ? ഇതിനായി വീട്ടിൽതന്നെ ഏറെ ഫലപ്രദമായ ഒരു കൂട്ട് തയ്യാറാക്കാം.

ആദ്യം രണ്ട് ഗ്ളാസ് വെള്ളം ഒരു പാത്രത്തിൽ എടുക്കണം. ഇതിലേയ്ക്ക് രണ്ട് ടേബിൾ സ്‌പൂൺ കാപ്പിപ്പൊടി, ഒരു ടേബിൾ സ്‌പൂൺ ചായപ്പൊടി എന്നിവ ചേർത്ത് നന്നായി തിളപ്പിക്കണം. ഇതൊന്ന് കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങി അരിച്ചെടുക്കാം. അടുത്തതായി ഒരു ഇരുമ്പ് ചട്ടിയിൽ ആറ് ടേബിൾ സ്‌പൂൺ മൈലാഞ്ചി പൊടി, മൂന്ന് ടേബിൾ സ്‌പൂൺ ബ്രിംഗ്‌രാജ് പൗഡർ (കയ്യോന്നി) എന്നിവയെടുത്തതിനുശേഷം തിളപ്പിച്ചാറിയ കാപ്പി - തേയിലെ വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഈ കൂട്ട് തലേന്ന് തയ്യാറാക്കി വച്ചിട്ട് പിറ്റേദിവസം തലയിൽ പുരട്ടുകയാണ് ചെയ്യേണ്ട‌ത്.

ഇരുമ്പ് ചട്ടിയിൽ വയ്ക്കുന്നതിനാൽ പിറ്റേദിവസമാകുമ്പോൾ കൂട്ട് നല്ല ഇരുണ്ട നിറത്തിലായിരിക്കുന്നത് കാണാം. ചട്ടിയുടെ വശങ്ങളിലായി കറുത്ത നിറത്തിലായി കൂട്ട് മാറിയിരിക്കുന്നത് കാണാം. എല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം മുടിയിൽ പുരട്ടാം. രണ്ട് മണിക്കൂർനേരം പാക്ക് മുടിയിൽ ഉണങ്ങാൻ അനുവദിച്ചതിനുശേഷം കഴുകി കളയാം. ഇപ്പോൾ മുടി നല്ല ചുവന്ന നിറത്തിലായി മാറിയിരിക്കുന്നത് കാണാം.

അടുത്ത ദിവസം മുടിയിൽ ഇൻഡിഗോ പൗഡർ (നീലയമരി) കൊണ്ട് തയ്യാറാക്കിയ ഒരു പാക്ക് കൂടി ഇട്ടുകഴിഞ്ഞാൽ മുടി പൂർണമായും കറുപ്പ് നിറത്തിലായി മാറും. ഇതിനായി ഒരു പാത്രത്തിൽ ആറ് സ്‌പൂൺ നീലയമരി പൊടിയെടുക്കാം. ഇതിലേയ്ക്ക് ഇളംചൂട് വെള്ളം ചേർത്ത് മിക്‌സ് ചെയ്ത് എടുക്കാം. പത്ത് മിനിട്ട് മാറ്റിവച്ചതിനുശേഷം മുടിയിൽ പുരട്ടാം. ഒരുമണിക്കൂറിനുശേഷം കഴുകി കളയാം. മുടിക്ക് നല്ല കറുപ്പ് നിറമായി മാറിയിരിക്കുന്നത് കാണാം. പാക്കുകൾ മുടിയിൽ പുരട്ടുന്നതിന് മുൻപായി ഷാംപൂ പുരട്ടി മുടിയിലെ എണ്ണമയവും അഴുക്കും കളയാൻ ശ്രദ്ധിക്കണം.