ക്യാൻസർ രോ​ഗത്തെ ചെറുക്കാൻ ഇക്കാര്യങ്ങളിൽ കരുതൽ വേണം

  1. Home
  2. Lifestyle

ക്യാൻസർ രോ​ഗത്തെ ചെറുക്കാൻ ഇക്കാര്യങ്ങളിൽ കരുതൽ വേണം

cancer


സമീപ നളുകളിൽ മരുന്ന് കണ്ടെത്തുമെന്ന് കരുതുന്നതും ഇപ്പോൾ വില്ലനാവുകയും ചെയ്യുന്ന രോ​ഗമാണ് ക്യാൻസർ. ക്യാൻസർ കൂടാൻ പല കാരണങ്ങളുണ്ട്. അവയിൽ ചിലത് നോക്കാം. ജീവിത ശൈലിയില്‍ വന്ന മാറ്റമാണ്​ പലപ്പോഴും ക്യാൻസർ വരാനുള്ള ഒരു പ്രധാന കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. മോശം ഭക്ഷണശീലം, ഉദാസീനമായ ജീവിതരീതി, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. ക്യാൻസര്‍ സാധ്യത കൂട്ടുന്ന പ്രധാനവും സാധാരണവുമായ കാരണമാണ് പുകവലിയും​ പുകയിലയുടെ ഉപയോഗവും. ലോകവ്യാപകമായി ഇതിനെതിരെ ബോധവത്​കരണം നടക്കുന്നുവെങ്കിലും ഇക്കാരണങ്ങള്‍ കൊണ്ടുള്ള ക്യാൻസർ ബാധയും മരണവും വർധിക്കുകയാണ്​.

അമിത മദ്യപാനം ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കും. പാൻക്രിയാസ്​, ഉദരം, കരള്‍ എന്നിവിടങ്ങളിലെ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്​ മദ്യപാനം. ദീർഘകാലാടിസ്​ഥാനത്തിൽ മദ്യപാനം കരൾ ക്യാൻസറിനു വഴിവെക്കും. വായ, തൊണ്ട, കുടൽ, മലാശയം എന്നിവിടങ്ങളിലെ ക്യാൻസറിനും മദ്യപാനം കാരണമാകാറുണ്ട്​.

അമിതവണ്ണമുള്ളവരില്‍ ക്യാന്‍സര്‍ ഉണ്ടാകുമെന്നല്ല. അമിതവണ്ണം പലപ്പോഴും ഇതിന്‍റെ ഘടമാണ്. അമിത വണ്ണത്തിന്‍റെ കാരണം കണ്ടെത്തി പരിഹരിക്കുക.  മികച്ച ശാരീരിക ക്ഷമതയും ആരോഗ്യവും നിലനിർത്തുകയാണ്​ ക്യാൻസറിനെ ചെറുക്കാനുള്ള പോംവഴി.

അമിതമായി വെയിൽ കൊള്ളുന്നത്​ ശരീരത്തിൽ അൾട്രാവയലറ്റ്​ രശ്​മികൾ ഏൽക്കാൻ ഇടയാക്കുകയും ഇത്​ മെലനോമ എന്ന ത്വക്ക്​ ക്യാൻസറിന്​ കാരണമാവുകയും ചെയ്യും. അമിതമായി അൾട്രാവയലറ്റ്​ രശ്​മികൾ ഏൽക്കുന്നത്​ ത്വക്കിലെ ഡിഎൻഎയുടെ നാശത്തിന്​ കാരണമാവുകയും ഇത്​ കോശങ്ങളുടെ അമിതവളർച്ചക്ക്​ കാരണമായി ക്യാന്‍സറിലേക്ക്​ എത്തിക്കുകയുമാണ് ചെയ്യുന്നത്. അതില്‍ വെയിൽകൊള്ളുന്നത് കുറയ്ക്കാന്‍ ശ്രമിക്കുക. 

ചുവന്നതും സംസ്​ക്കരിച്ചതുമായ മാംസത്തിന്‍റെ അമിത ഉപയോഗം ക്യാൻസർ സാധ്യത കൂട്ടും. ശീതികരിച്ചതും മസാലയിട്ടതും ഉപ്പിട്ടതുമായി വിവിധ രീതിയിൽ സൂക്ഷിച്ച മാംസം വാങ്ങി കഴിക്കുന്നത്​ പരമാവധി ഒഴിവാക്കുക. അതുപോലെ ജങ്ക് ഫുഡ്, മധുരം അമിതമായി ഉപ​യോഗിച്ച സോഡ തുടങ്ങിയവയുടെ ഉപയോഗവും കുറയ്ക്കുക. പകരം പഴങ്ങളും പച്ചക്കറികളും, ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.