ചിക്കൻ റോസ്റ്റിന്റെ അതേ രുചിയിൽ കോളിഫ്‌ലവർ റോസ്റ്റ്; ഊണ് സ്‌പെഷ്യലാക്കാം

  1. Home
  2. Lifestyle

ചിക്കൻ റോസ്റ്റിന്റെ അതേ രുചിയിൽ കോളിഫ്‌ലവർ റോസ്റ്റ്; ഊണ് സ്‌പെഷ്യലാക്കാം

roast


ചിക്കൻ റോസ്റ്റിന്റെ അതേ രുചിയുള്ള കോളിഫ്‌ലവർ റോസ്റ്റ് എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ
കോളിഫ്‌ലവർ - ഒന്ന്
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
മുളകുപൊടി - ഒന്നര ടീസ്പൂൺ
ഗരം മസാല - അര ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് - ഒരു ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കോൺഫ്‌ലോർ - അര കപ്പ്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
സവാള - 4 വലുത്
പച്ചമുളക് - 4 എണ്ണം
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
കശ്മീരി മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
ഗരം മസാല - അര ടീസ്പൂൺ
തക്കാളി - ഒന്ന് വലുത്
തക്കാളി സോസ് - ഒരു ടേബിൾ സ്പൂൺ
മല്ലിയില അരിഞ്ഞത് - കാൽകപ്പ് 

തയാറാക്കുന്ന വിധം
കോളിഫ്‌ലവർ വലിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക.

ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക. നന്നായി വെട്ടി തിളയ്ക്കുമ്പോൾ കോളിഫ്‌ലവർ കഷ്ണങ്ങളും അര ടീസ്പൂൺ മഞ്ഞൾപൊടിയും ചേർക്കുക. ഒന്ന് തിളച്ചു കഴിയുമ്പോൾ വെള്ളം ഊറ്റി കളയുകയോ കോളിഫ്‌ലവർ വെള്ളത്തിൽ നിന്നും കോരി മാറ്റുകയോ ചെയ്യുക.

കോളിഫ്‌ലവർ കഷണങ്ങളിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാലപ്പൊടി, ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ്, ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, അരക്കപ്പ് കോൺഫ്‌ലോർ ഇത്രയും ചേർത്തു കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കോളിഫ്‌ലവർ കഷണങ്ങൾ വറുത്ത് കോരുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വറുത്ത എണ്ണയിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ ചൂടാക്കുക. കനം കുറച്ച് നീളത്തിൽ അരിഞ്ഞ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക.

സവാള മൂത്ത് എണ്ണ തെളിഞ്ഞു കഴിയുമ്പോൾ തീ നന്നായി കുറച്ചതിനു ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ കശ്മീരി മുളകുപൊടി, അര ടീസ്പൂൺ ഗരംമസാലപ്പൊടി ഇത്രയും ചേർക്കുക. പൊടികളുടെ പച്ചമണം മാറുമ്പോൾ നീളത്തിൽ അരിഞ്ഞ തക്കാളിയും അരക്കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക.

തക്കാളി വെന്തുടഞ്ഞു കഴിയുമ്പോൾ വറുത്തു വച്ചിരിക്കുന്ന കോളിഫ്‌ലവർ കഷണങ്ങൾ ചേർക്കുക.

കോളിഫ്‌ലവറിലേക്ക് മസാല നന്നായി പിടിച്ചു കഴിയുമ്പോൾ ഒരു ടേബിൾ സ്പൂൺ തക്കാളി സോസ് കൂടി ചേർത്ത് യോജിപ്പിക്കുക. കാൽ കപ്പ് മല്ലിയില കൂടി വിതറി തീ ഓഫ് ചെയ്യാം. (കടപ്പാട്; ഗംഗ ശ്രീകാന്ത്)