ചക്ക ഇലയട തയാറാക്കിയാലോ?; എളുപ്പത്തിൽ

  1. Home
  2. Lifestyle

ചക്ക ഇലയട തയാറാക്കിയാലോ?; എളുപ്പത്തിൽ

ada


വ്യത്യസ്തമായി ചക്ക ഇലയട തയ്യാറാക്കി നോക്കിയാലോ. ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കാവുന്ന ഒന്നാണ് ചക്ക ഇലയട. പഴുത്ത ചക്ക വരട്ടിയാണ് ഇലയടക്ക് വേണ്ടി പാകമാക്കി എടുക്കുന്നത്. എന്നാൽ ചക്ക വരട്ടുക എന്ന് പറഞ്ഞാൽ അത് അൽപം പണിപ്പെട്ട കാര്യം തന്നെയാണ്. എന്നാൽ വരട്ടി വെക്കുന്നതിന് വേണ്ടി ചക്ക തിരഞ്ഞെടുക്കുമ്പോൾ നല്ലതുപോലെ മൂത്ത ചക്ക വേണം തിരഞ്ഞെടുക്കുന്നതിന്. നല്ലതുപോലെ മൂത്ത് പഴുത്ത ചക്ക വെട്ടി വൃത്തിയാക്കി അൽപം വെള്ളമൊഴിച്ച് വേവിച്ചെടുക്കണം. പിന്നീട് ഇതിലെ വെള്ളം നല്ലതുപോലെ വറ്റിക്കഴിഞ്ഞ്, ഇതിലേക്ക് ശർക്കരയും നെയ്യും ആവശ്യാനുസരണം ചേർത്ത് നല്ലതുപോലെ വെള്ളമില്ലാതെ വരട്ടിയെടുക്കണം. ഈ വരട്ടിയെടുത്ത ചക്കയാണ് പിന്നീട് അടയുണ്ടാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. 

ആവശ്യമുള്ള സാധനങ്ങൾ
ചക്ക വരട്ടിയത് - അരക്കപ്പ്
അരിപ്പൊടി - ഒരു കപ്പ്
ശർക്കര- കാൽക്കിലോ
ഏലക്കായ പൊടിച്ചത് - ഒരു ടീസ്പൂൺ
തേങ്ങക്കൊത്ത് - കാൽക്കപ്പ്
വാഴയില- പൊതിയാൻ പാകത്തിന്
വെള്ളം- ആവശ്യത്തിന്

തയാറാക്കുന്ന വിധം
ചക്കവരട്ടിയതും അരിപ്പൊടിയും നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യാനുസരണം ശർക്കര പാനി ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ഇതിലേക്ക് തേങ്ങാക്കൊത്തും ഏലക്കപ്പൊടിയും വേണമെങ്കിൽ ഒരു തരി ഉപ്പും ചേർക്കുക. പിന്നീട് വേണമെന്നുണ്ടെങ്കിൽ അൽപം വെള്ളം കൂടി ചേർക്കാവുന്നതാണ്. മധുരം നിങ്ങളുടെ ഇഷ്ടത്തിന് ചേർത്തെടുക്കാം. അതിന് ശേഷം ഇലയിൽ പരത്താൻ പാകത്തിന് പരുവം ആയിരിക്കണം. അതിന് ശേഷം ഇത് പരത്തി ഇല രണ്ടായി മടക്കുക. ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് അത് നല്ലതുപോലെ തിളച്ച് വരുമ്പോൾ അതിന് മുകളിലുള്ള തട്ടിലേക്ക് ഈ ഇലകൾ ഓരോന്നായി നിരത്തുക. ഇതിന് ശേഷം ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് നോക്കിയാൽ നല്ല ചൂടോടെയുള്ള ചക്കഇലയട റെഡി.