ചേന കൃഷി ; അറിയേണ്ടതെല്ലാം

സീസൺ, നടീൽ
25 മുതൽ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളിൽ ചേന കൃഷി ചെയ്യാൻ നല്ലതാണ്. വിത്ത് നട്ട് 6-7 മാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന കിഴങ്ങു വർഗമാണ് ചേന. വിളഞ്ഞ്, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളിൽ നിന്നാണ് വിത്തു ചേന ലഭിക്കുന്നത്. പരമ്പരാഗതമായി ഈ കഷ്ണങ്ങൾ ചാണക ലായനിയിൽ മുക്കി വെക്കുന്നുണ്ട്. (ഇപ്പോൾ കീടനാശിനികളിലും) തുടർന്ന് ഒരാഴ്ച വെയിലത്ത് ഉണക്കുന്നു. ഇതിലൂടെ ഈർപ്പം ബാഷ്പീകരിക്കപ്പെടുന്നത് തടയും. ഫെബ്രുവരി മാസത്തിലാണ് ചേന നടാൻ ഉത്തമം. മുറിച്ച കഷണങ്ങൾ 45 സെന്റീമീറ്റർ x 90 സെന്റീമീറ്റർ അകലത്തിൽ തടം എടുത്ത് നടുക. അല്ലെങ്കിൽ 60 x 60 x 45 സെന്റീമീറ്റർ വലിപ്പമുള്ള കുഴി കുഴിച്ച് നടുക. കുഴികളിൽ ജൈവ വളങ്ങളും കരിയിലയും പകുതി നിറച്ച് അതിന്മേൽ വിത്ത് പാകി ബാക്കി ഭാഗം വളവും കരിയിലയും നിറയ്ക്കുന്നു. വിത്ത് പാകി 30 - 40 ദിവസങ്ങൾക്കകം ഇല വിരിക്കുന്നു. എല്ലാ 60ആം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേർത്ത് കൂട്ടുകയും ചെയ്യുക. ജലസേചനം വളരെ ആവശ്യമുള്ള കൃഷിയാണ് ചേന.
മണ്ണ്
5.5-7.0 pH പരിധിയുള്ള സമ്പന്നമായ ചുവന്ന-പശിമരാശി മണ്ണാണ് ചേന കൃഷിക്ക് മികച്ചത്. എന്നിരുന്നാലും ഇത് എല്ലാ പ്രദേശങ്ങളിലും വളരുന്നു. ഒരു ഉഷ്ണമേഖലാ വിളയാണ് ചേന.
ഇടവിള കൃഷി
തെങ്ങ്, റബ്ബർ, വാഴ, റോബസ്റ്റ കാപ്പിത്തോട്ടങ്ങളിൽ 90 x 90 സെന്റിമീറ്റർ അകലത്തിൽ ലാഭകരമായി ഇടവിളയായി ചേന കൃഷി ചെയ്യാം.
ജലസേചനം
മഴയെ ആശ്രയിച്ചാണ് കൂടുതലും വളർത്തുന്നത്. എന്നിരുന്നാലും, മൺസൂൺ കുറവാണെങ്കിൽ ജലസേചനം ആവശ്യമാണ്. എന്നാൽ വെള്ളം കെട്ടിനിൽക്കുന്നത് കൃഷിക്ക് ഹാനികരമാണ്. ആഴ്ചയിൽ ഒരിക്കൽ ജലസേചനം നടത്താം.