പ്രഷർ കുക്കറിൽ തയാറാക്കാം 'ഫുൾ ചിക്കൻ റോസ്റ്റ്'; അവ്‌നും ഗ്രില്ലും വേണ്ട

  1. Home
  2. Lifestyle

പ്രഷർ കുക്കറിൽ തയാറാക്കാം 'ഫുൾ ചിക്കൻ റോസ്റ്റ്'; അവ്‌നും ഗ്രില്ലും വേണ്ട

chicken


കുറഞ്ഞ സമയത്തിൽ അതീവ രുചികരമായ ഈ ചിക്കൻ തയാറാക്കുന്നത് എങ്ങനയെന്നു നോക്കാം.

ചേരുവകൾ
ചിക്കൻ - 500 ഗ്രാം
മുളകുപൊടി - 1 ടീസ്പുൺ
മഞ്ഞൾപ്പൊടി - ½ ടീസ്പുൺ
മല്ലിപ്പൊടി - ¼ ടീസ്പുൺ
കുരുമുളകുപൊടി - 1 ടീസ്പുൺ
ഗരംമസാലപ്പൊടി - 1 ടീസ്പുൺ
തൈര് - 1 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 ടേബിൾസ്പ്പുൺ
ഇഞ്ചി ചതച്ചത് - 2 ടീസ്പുൺ
വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പ്പുൺ
കറിവേപ്പില - ആവശ്യത്തിന്

മസാല തയാറാക്കാനായി
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
വെളുത്തുള്ളി - 3 എണ്ണം
സവാള - 1 എണ്ണം
കശുവണ്ടി - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
മുളകുപൊടി - ½ ടീസ്പുൺ
ടൊമാറ്റോ കെച്ചപ്പ് - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കി നല്ലതുപോലെ വരഞ്ഞ ശേഷം മസാലപ്പൊടികളും തൈരും ഒരു സ്പൂൺ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു നല്ലതുപോലെ തിരുമ്മി പിടിപ്പിച്ച് കുറഞ്ഞത് ഒന്നര മണിക്കൂർ മസാല പിടിക്കാൻ വയ്ക്കുക.

പ്രഷർ കുക്കറിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയശേഷം കോഴി ഇറക്കി വച്ച് രണ്ടു മിനിറ്റ് മീഡിയം തീയിലും അതിനുശേഷം ചെറുതീയിൽ 12 മിനിറ്റ് വേവിച്ചെടുക്കുക.

വലിയൊരു പാനിൽ  2 ടേബിൾസ്പ്പൂൺ വെളിച്ചെണ്ണ ചൂടാക്കി വെന്ത കോഴി അതിലേക്കു വച്ച് എല്ലാ വശങ്ങളും മൊരിച്ചെടുത്ത ശേഷം എണ്ണയിൽ നിന്നും കോരി മാറ്റുക.

കോഴി വറുത്ത എണ്ണയിലേക്കു വെളുത്തുള്ളി, സവാള, അണ്ടിപ്പരിപ്പ്, കറിവേപ്പില എന്നിവ ചേർത്തു പച്ച മണം മാറിയ ശേഷം അതിലേക്ക് അൽപം മുളകുപൊടിയും കുറച്ച് ടൊമാറ്റോ കെച്ചപ്പും ചേർത്തു മുപ്പിച്ച് കോഴി വേവിച്ചപ്പോൾ ഇറങ്ങിയ വെള്ളം കൂടി ചേർത്തു നല്ലതുപോലെ തിളപ്പിച്ച ശേഷം വറുത്ത കോഴി ചേർത്ത് എല്ലാ വശങ്ങളിലും മസാല പുരട്ടി കൊടുക്കുക. 

ചോറ്, ചപ്പാത്തി, അപ്പം, പൊറോട്ട എന്നിവയോടൊപ്പം അതീവ രുചികരമാണ് ഫുൾ ചിക്കൻ റോസ്റ്റ്, 20 മിനിറ്റിൽ തയാറാക്കാം. ( കടപ്പാട്; ഇന്ദു അശോകൻ)