ഇയർഫോൺ ഇടയ്ക്ക് വൃത്തിയാക്കാറുണ്ടോ?; ഇല്ലെങ്കിൽ കേൾവി ശക്തിയെ വരെ ബാധിക്കാം

  1. Home
  2. Lifestyle

ഇയർഫോൺ ഇടയ്ക്ക് വൃത്തിയാക്കാറുണ്ടോ?; ഇല്ലെങ്കിൽ കേൾവി ശക്തിയെ വരെ ബാധിക്കാം

earbuds


സ്ഥിരം ഇയർ ഫോണുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇടയ്ക്ക് അതൊന്ന് വൃത്തിയാക്കാനും അണുനാശിനി കൊണ്ട് തുടയ്ക്കാനും ശ്രദ്ധിക്കാറുണ്ടോ. സൂക്ഷിക്കണം, ഇയർഫോണുകളിൽ അടിഞ്ഞു കൂടുന്ന അഴുക്കും അണുക്കളും ചെവിയിൽ അണുബാധയുണ്ടാക്കി കേൾവി ശക്തിയെ തന്നെ ബാധിക്കാമെന്ന് ഡോക്ടർമാർ പറയുന്നു.

വൃത്തിയാക്കാത്ത ഇയർഫോണുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ ചെവിയിലെ ഈർപ്പവും ചൂടുമൊക്കെ ചേർന്ന് അണുക്കളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കാറുണ്ട്. ഹാനികരങ്ങളായ അണുക്കൾ ഇയർ കനാലിലേക്ക് വന്ന് അണുബാധകൾ ഇത് മൂലം ഉണ്ടാകാം. അണുബാധകൾ ചെവിയിൽ നീർക്കെട്ടിനും ദ്രാവകങ്ങൾ കെട്ടിക്കിടക്കാനും ഇടയാക്കും. ചെവിക്കുള്ളിലെ കേൾവിയെ സഹായിക്കുന്ന അതിലോല ഘടകങ്ങളെയും ഇത് ബാധിക്കും. അടിക്കടിയുണ്ടാകുന്ന അണുബാധകൾ താത്ക്കാലികവും സ്ഥിരവുമായ കേൾവി നഷ്ടത്തിന് കാരണമാകുന്നതാണ്.

ഹെഡ്ഫോണുകൾ പലരുടെ ഉപയോഗത്തിനായി പങ്കുവയ്ക്കുന്നതും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അണുക്കൾ പടരാനിടയാക്കും. ഇയർഫോണുകളിലെ ബാക്ടീരിയ സാന്നിധ്യം ചെവിക്കുള്ളിലും ചുറ്റിനുമുള്ള ചർമ്മ സംബന്ധിയായ പ്രശ്നങ്ങളെ അധികരിപ്പിക്കും. ശ്രവണ സംവിധാനത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത്തരം ചർമ്മ പ്രശ്നങ്ങൾ ഹാനികരമാണ്.

പ്രതിരോധ ശക്തി കുറഞ്ഞ വ്യക്തികളിലും മുൻപ് ചെവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായവരും അണുവാഹകരായ ഹെഡ്ഫോണുകളെ പ്രത്യേകം കരുതിയിരിക്കണമെന്ന് പുണെ റൂബി ഹാൾ ക്ലിനിക്കിലെ ഇഎൻടി കൺസൾട്ടന്റ് ഡോ. മുരാർജി ഖഡ്ഗേ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഇയർഫോണുകളും ഹെഡ്സെറ്റുകളുമെല്ലാം നിത്യവും വൃത്തിയാക്കേണ്ടതും ആരുമായും പങ്കുവയ്ക്കാതിരിക്കേണ്ടതും ഇതിനാൽ തന്നെ മുഖ്യമാണ്. ദീർഘമായി ഹെഡ്ഫോണുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ ഇടയ്ക്ക് ബ്രേക്ക് എടുത്ത് ഇവ മാറ്റി വയ്ക്കുന്നത് ചെവിക്ക് വിശ്രമം നൽകാനും ഈർപ്പവും അണുക്കളും അടിയാതിരിക്കാനും സഹായിക്കും.