മുടി കളർ ചെയ്യാന്‍ പ്ലാനുണ്ടോ?; അറിഞ്ഞിരിക്കാം ഈ പാര്‍ശ്വഫലങ്ങളും കൂടി

  1. Home
  2. Lifestyle

മുടി കളർ ചെയ്യാന്‍ പ്ലാനുണ്ടോ?; അറിഞ്ഞിരിക്കാം ഈ പാര്‍ശ്വഫലങ്ങളും കൂടി

hair colour


മുടിയിഴകളില്‍ കളര്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ നിരവധിയാണ്. കളറിങ് എന്നത് ഒരു കെമിക്കല്‍ ട്രീറ്റ്‌മെന്‍റ് ആണ്. ഇത് നിങ്ങളുടെ മുടിയുടെ ഘടന ഉള്‍പ്പെടെ മാറ്റും. മുടിയുടെ സ്വാഭാവിക എണ്ണമയം, തിളക്കം തുടങ്ങിയവ ഇല്ലാതാക്കുകയും മുടിയുടെ ആരോ​ഗ്യം കുറയ്ക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെയുള്ള ഈ കളറിങ്, പ്രത്യേകിച്ച് രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഡൈ ഉപയോഗിച്ചുള്ള കളറിങ് ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച്കൂടി അറിവുണ്ടാവേണ്ടതുണ്ട്.

അമോണിയ, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് കെമിക്കലുകളടങ്ങിയ ഹെയര്‍ ഡൈകളിലുള്ളത്. ഹെയര്‍ ക്യൂട്ടിക്കിളിലേക്ക് കടക്കാനും കളര്‍ നല്‍കാനും ഇവ സഹായിക്കും. എന്നാല്‍ ഈ കെമിക്കലുകള്‍ മുടിയുടെ സ്വാഭാവികമായുള്ള എണ്ണമയവും പ്രോട്ടീനുകളും നഷ്ടപ്പെടുത്തുകയും മുടി പൊട്ടുന്നതിനും വരള്‍ച്ചയ്ക്കും കാരണമാകുകയും ചെയ്യും. ആവര്‍ത്തിച്ച് ഇവ മുടിയിലേക്ക് എത്തുമ്പോള്‍ ഹെയര്‍ ഷാഫ്റ്റിനെ ദുര്‍ബലമാക്കുകയും മുടിയുടെ അറ്റം പിളരുന്നതിനു കാരണമാകുകയും ചെയ്യും.

ഷാംപൂ ഉള്‍പ്പെടെയുള്ള ഹെയര്‍ പ്രൊഡക്ടുകളിലെ പ്രധാന വില്ലന്‍ സള്‍ഫേറ്റാണ്. ഹെയര്‍ ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന സോഡിയം ലോറൈല്‍ സള്‍ഫേറ്റ്, സോഡിയം ലോറേത് ഈതര്‍ സള്‍ഫേറ്റ് എന്നീ രാസവസ്തുക്കളാണ് വെള്ളത്തില്‍ കലര്‍ത്തുമ്പോള്‍ ഷാംപൂവില്‍ നിന്ന് പതയുണ്ടാക്കുന്നത്. ഇത് മുടിയുടെ എണ്ണമയവും പ്രോട്ടീനും കഴുകി കളയുകയും, പതുക്കെ മുടിയുടെ ഈര്‍പ്പം നശിപ്പിച്ച് മുടിയിഴകള്‍ ബലഹീനവും പരുക്കനുള്ളതുമാക്കി മാറ്റുന്നു.

മുടിക്ക് പുറമേയുണ്ടാക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്കുപരിയായി തലയോട്ടിയെയും ആവര്‍ത്തിച്ചുള്ള കളറിങ് ദോഷകരമായി ബാധിക്കുന്നുണ്ട്. ചില ആളുകളില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഹെയര്‍ ഡൈയിലുള്ള കെമിക്കലുകള്‍ തലയോട്ടിയിലെ സെന്‍സിറ്റീവ് ചര്‍മത്തെ ബാധിക്കുകയും ചൊറിച്ചില്‍, തടിപ്പ്, ചുവന്ന പാടുകള്‍, കുമിളകള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. തലയോട്ടിയിലെ ചര്‍മത്തിലെ സെന്‍സിറ്റിവിറ്റി, സോറിയാസിസ്, എക്‌സീമ പോലുള്ള പ്രശ്‌നങ്ങള്‍ എന്നിവയനുസരിച്ച് ഈ അവസ്ഥകള്‍ക്ക് മാറ്റമുണ്ടാകാം.

അമോണിയ, പെറോക്സൈഡ് തുടങ്ങിയ ഹെയർ ഡൈകളിൽ സാധാരണയായി കാണപ്പെടുന്ന കഠിനമായ രാസവസ്തുക്കൾ മുടിയുടെ സ്വാഭാവിക എണ്ണകളെ ഇല്ലാതാക്കുകയും മുടിയുടെ ഘടനയിൽ വിട്ടുവീഴ്ച ചെയ്യാനും മങ്ങിയ രൂപത്തിനും കാരണമാകും. അത്തരം കേടുപാടുകൾ പരിഹരിക്കുന്നതിന് മുടി ഡീപ്പ് കണ്ടീഷനിങ് ചെയ്യുന്നത് നല്ലതാണ്. കൂടാതെ കൂടുതൽ കെമിക്കൽ എക്സ്പോഷർ കുറയ്ക്കുക,

മൃദുലമായ ഹെയർകെയർ ദിനചര്യ തുടങ്ങിയവ പരിശീലിക്കുന്നത് ഗുണകരമാണ്. ഡയറ്റില്‍ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഉൾപ്പെടുത്തുന്നത് മുടിക്ക് ഈർപ്പവും ശക്തിയും വീണ്ടെടുക്കാനും കാലക്രമേണ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.