ചപ്പാത്തി ഉണ്ടാക്കാൻ പാടാണോ?; ദാ എളുപ്പമുള്ള ഒരു വഴിയുണ്ട്, അറിയാം
ചപ്പാത്തി കുഴയ്ക്കാൻ ഏറ്റവും എളുപ്പമുള്ള വിദ്യ പറഞ്ഞു തരാം. വെറും പത്തു മിനിറ്റിൽ നാലോ അഞ്ചോ ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കിയെടുക്കാം, അതും നല്ല പഞ്ഞി പോലെ മൃദുലമായ ചപ്പാത്തി.
ഇൻസ്റ്റഗ്രാമിൽ രാജിസ് കോർണർ എന്ന ചാനലിലാണ് ഈ വിദ്യ പങ്കുവച്ചിരിക്കുന്നത്. ഇതിനായി ആദ്യം തന്നെ, ഒരു 100 മില്ലി കപ്പിൽ ഒരു കപ്പ് പൊടി എടുക്കുക. ഇതിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. എന്നിട്ട് മിക്സിയിൽ ഒന്നു കറക്കി എടുക്കുക. അപ്പോൾ എണ്ണയും ഉപ്പും എല്ലാ ഭാഗത്തും ഒരുപോലെ മിക്സ് ആകും.
ഇതിലേക്ക് നേരത്തെ അളന്ന കപ്പിൻറെ കൃത്യം പകുതി അളവിൽ വെള്ളം എടുത്ത് ഒഴിക്കുക. മിക്സിയിൽ നന്നായി അടിക്കുക. കുറച്ചു കഴിയുമ്പോൾ ഉള്ളിൽ എവിടെയും പറ്റിപ്പിടിക്കാതെ നല്ല കുഴച്ച പരുവത്തിൽ ഉള്ള മാവ് പുറത്തേക്ക് എടുക്കാം.
ഇനി ഈ മാവെടുത്ത് നേരെ ഉരുട്ടി ചപ്പാത്തി ഉണ്ടാക്കാം. ഇതിൽ നിന്നും മീഡിയം സൈസിൽ ഉള്ള നാലു ചപ്പാത്തി കിട്ടും. ഇൻസ്റ്റഗ്രാമിലെ ഈ വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. പതിനയ്യായിരത്തിൽ കൂടുതൽ ലൈക്കുകളുമുണ്ട്.
ചപ്പാത്തി ഉണ്ടാക്കുമ്പോൾ നല്ല മൃദുവായി കിട്ടാൻ ചില ടിപ്സ് ഇതാ.
1. ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുന്നതിന് മുമ്പായി പൊടിയിൽ എണ്ണയും ഉപ്പും ചേർക്കുക.
2. മാവ് കുഴയ്ക്കുന്നതിന് പച്ചവെള്ളത്തിന് പകരം ചെറിയ ചൂട് വെള്ളം ഉപയോഗിക്കുക.
3. ചപ്പാത്തിക്കുള്ള മാവ് കുഴച്ചശേഷം 15 മിനിറ്റോളം വയ്ക്കുക
4. ഈ 15 മിനിറ്റിന് ശേഷം ഒരു മിനിറ്റോളം മാവ് ഒന്നുകൂടി കുഴയ്ക്കുക.
5. ചപ്പാത്തി എപ്പോഴും മീഡിയം ഫ്ളെയിമിൽ മാത്രം പാകം ചെയ്തെടുക്കുക.