വെള്ളരിക്ക പച്ചടി; ഓണസദ്യയ്ക്ക് ഇത് എളുപ്പത്തിൽ തയാറാക്കാം
സദ്യ കൂടി ചേരുമ്പോഴേ ഓണത്തിന് പൂർണത കൈവരികയുള്ളൂ. ഇത്തവണ എളുപ്പത്തിൽ വെള്ളരിക്ക പച്ചടി ഉണ്ടാക്കിയെടുക്കാം.
ചേരുവകൾ
വെള്ളരിക്ക തൊലികളഞ്ഞു ചെറിയ കഷ്ണങ്ങളാക്കിയത് - ഒരു മീഡിയം വലുപ്പമുള്ളതിന്റെ പകുതി
തേങ്ങ ചിരകിയത് - ഒരു കപ്പ്
പച്ചമുളക് - ഒന്നോ രണ്ടോ എണ്ണം
കടുക് - അര ടീസ്പൂൺ
തൈര് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
താളിക്കാൻ
വെളിച്ചെണ്ണ - രണ്ടു ടേബിൾ സ്പൂൺ
കടുക് - അര ടീസ്പൂൺ
ഉണക്ക മുളക് - 4 എണ്ണം
കറിവേപ്പില - രണ്ടു തണ്ട്
തയാറാക്കുന്ന വിധം
വെള്ളരിക്ക ചെറിയ കഷ്ണങ്ങളാക്കി ഒരു പാൻ ചൂടാക്കി അതിലേക്ക് ഇടുക. കൂടെ വേവാൻ ആവശ്യമുള്ള വെള്ളമൊഴിച്ചു കൊടുക്കാം . ഉപ്പും ചേർക്കാവുന്നതാണ്. വെള്ളരിക്ക വെന്തുപാകമാകുമ്പോഴേയ്ക്കും തേങ്ങ പച്ചമുളക് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഈ അരച്ച കൂട്ടിലേക്ക് കടുക് കൂടി ചേർത്ത് ചതച്ചെടുക്കാം. വെന്ത വെള്ളരിക്കയിലേയ്ക്ക് ഈ തേങ്ങയുടെ കൂട്ട് ചേർത്തു പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുത്തതിനു ശേഷം കട്ടയുടച്ച തൈര് ചേർത്ത് ചെറു തീയിൽ വെച്ച് ചൂടായി വരുന്നതുവരെ മാത്രം ഇളക്കി കൊടുക്കണം.
ശ്രദ്ധിക്കേണ്ട ഒരു കാര്യം. വെള്ളരിക്കയിലെ വെള്ളം നല്ലതുപോലെ വറ്റിയതിനു ശേഷം മാത്രം അരപ്പും തൈരും ചേർക്കണം. അല്ലാത്തപക്ഷം പച്ചടി കുറുകി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. ശേഷം, പാൻ ചൂടാക്കി കടുകും ഉണക്കമുളകും കറിവേപ്പിലയും മൂപ്പിച്ചതിനു ശേഷം കറിയിലേയ്ക്ക് ചേർത്തുകൊടുക്കാം. മൂന്നോ നാലോ മിനിറ്റ് അടച്ചു വെച്ചിട്ടു സദ്യക്കൊപ്പം വിളമ്പാവുന്നതാണ്. തൊടുകറിയായതു കൊണ്ടുതന്നെ നല്ലതുപോലെ കുറുകിയതാവണം പച്ചടി.