തേങ്ങാപ്പാലും ഒരു പച്ചമുളകും മതി; തൈര് റെഡിയാക്കാം പശുവിൻ പാൽ ഇല്ലാതെ
സാധാരണഗതിയിൽ തൈര് തയ്യാറാക്കുന്നത് പശുവിൻ പാലിൽ ആണ്. ചിലർ കടകളിൽ നിന്ന് നേരിട്ട് പാക്കറ്റ് തൈര് വാങ്ങി സൂക്ഷിക്കും. എന്നാൽ, ചിലർ വീട്ടിൽ തന്നെ തൈര് തയ്യാറാക്കുന്നവരും കുറവല്ല. ഇത്തരത്തിൽ വീട്ടിൽ തൈര് തയ്യാറാക്കണമെങ്കിൽ പശുവിൻ പാൽ, അതുപോലെ, കുറച്ച് തൈര് എന്നിവ വേണം. ഈ തൈര് പുളിപ്പിച്ചാണ് നമ്മൾ കറികളിൽ എടുക്കുന്നതും അതുപോലെ മോര് തയ്യാറാക്കാൻ ഉപയോഗിക്കുന്നതും.
എന്നാൽ, പശുവിൻ പാൽ ഇല്ലാതെ തന്നെ തേങ്ങാപ്പാൽ ഉപയോഗിച്ചും നമുക്ക് തൈര് തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാൻ വളരെ എളുപ്പവുമാണ്. സാധാ തൈരിന്റെ അതേ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുകയും ചെയ്യും. ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇത് തയ്യാറാക്കി എടുക്കാൻ പ്രധാനമായും വേണ്ടത് തേങ്ങാപ്പാൽ ആണ്. ഒരു തേങ്ങ എടുത്ത് ഇത് നന്നായി ചിരകി, അതിന്റെ കട്ടി തേങ്ങാപ്പാൽ എടുക്കണം. അതിന് ശഷേം ഇതിലേയ്ക്ക് കുറച്ച് വെള്ളം ചേർത്ത് നന്നായി ചൂടാക്കി എടുക്കുക. ഇത് തിളച്ച് പൊന്തേണ്ട ആവശ്യമില്ല. ഒന്ന് ചൂടായി കിട്ടിയാൽ മതിയാകും.
ചൂടായി വന്നതിന് ശേഷം തീ അണച്ച് ഏത് പാത്രത്തിലാണോ തൈര് ഉണ്ടാക്കാൻ വെക്കേണ്ടത് ആ പാത്രം എടുത്ത് അതിൽ പാൽ ഒഴിച്ച് വെക്കുക. പാലിന്റെ ചൂട് കുറച്ച് കുറയുമ്പോൾ ഇതിലേയ്ക്ക് ഒരു പച്ചമുളകും ഇട്ട് അതിന്റെ ഞെട്ടിയും ഇട്ട് വെച്ച് അനക്കാതെ മൂടി വെക്കണം.
പിറ്റേദിവസം എടുത്ത് നോക്കുമ്പോൾ നല്ല കട്ടി തൈര് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് കാണാൻ സാധിക്കും.
പോഷകങ്ങൾ
നിരവധി പോഷകങ്ങളുടെ കലവറയാണ് ഈ തേങ്ങാപ്പാൽ തൈര്. ഇതിൽ വിറ്റമിൻ എ, വിറ്റമിൻ ബി12, വിറ്റമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ, മാഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം അടങ്ങിയ ഫുൾ പാക്ക്ഡ് തൈര് ആണ് തേങ്ങാപ്പാൽ തൈര്.
പോഷകങ്ങളാൽ സമ്പന്നമായതിനാൽ തന്നെ, മുതിർന്നവർക്കും കുട്ടികൾക്കും ഇത് കഴിക്കാവുന്നതാണ്. കൂടാതെ, ഇതിൽ ഹെൽത്തി ഫാറ്റ് ആണ് അടങ്ങിയിരിക്കുന്നത്. ഇത് വളരെ പെട്ടെന്ന് ദഹിക്കുകയും അതിനാൽ തന്നെ ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞ് കൂടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മറ്റ് ഗുണങ്ങൾ
ഇതിൽ ഗ്ലാസമിക് ഇൻഡക്സ് കുറവായതിനാൽ തന്നെ ഇത് പ്രമേഹം വരുന്നത് തടയുന്നതിനും തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് പ്രോബയോട്ടിക് റിച്ചായ ഭക്ഷണം ആയതിനാൽ തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ, ഇതിൽ മിനറൽസും അടങ്ങിയിരിക്കുന്നു. ഇത് എല്ലുകൾക്കും ശരീരത്തിനും ബലം നൽകുന്നതിന് സഹായിക്കുന്നുണ്ട്.
കൂടാതെ, ദഹനം നല്ലരീതിയിൽ നടക്കുന്നതിനും ദഹന സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനും ഇത് സഹായിക്കുന്നു.