ഗുണങ്ങൾ ഏറെ; നാലുമണിക്ക് ചായക്കൊപ്പം രുചികരമായ വെണ്ടയ്ക്ക ബജി തയ്യാറാക്കാം

പലതരത്തിലുള്ള ബജികളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ ഇത്തരത്തിൽ ഒന്ന് ആദ്യമായിരിക്കും. വെണ്ടക്ക വെച്ച് എങ്ങനെ ബജി ഉണ്ടാക്കാം എന്ന് ട്രൈ ചെയ്താലോ.
ഇതിനായി ആദ്യം വേണ്ടത് ഒരു പാത്രത്തിലേക്ക് കാൽ കപ്പ് കടലമാവും, അരക്കപ്പ് മൈദമാവും, കാൽ കപ്പ് തന്നെ അരിപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക. ഇതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും ഒരു പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, കുറച്ച് കറിവേപ്പില, രണ്ടല്ലി വെളുത്തുള്ളി, രണ്ട് ചെറിയ ഉള്ളി എന്നിവ ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. പിന്നീട് കുറച്ച് ബേക്കിംഗ് സോഡാ, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളവും ചേർത്തതിന് ശേഷം കട്ടിയിൽ ഒരു മാവ് തയ്യാറാക്കി എടുക്കുക.
കുറച്ചു വെണ്ടയ്ക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം അതിനുള്ളിലെ കുരു മാറ്റി വെക്കണം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ച് തേങ്ങ ചിരകിയതും, രണ്ടു പച്ചമുളക്,ചെറിയ കഷണം പുളി, അല്പം ഉപ്പ് എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക. ഇനി ഓരോ വെണ്ടക്കയും എടുത്തതിനുശേഷം അതിലേക്ക് ഈ പൊടിച്ചുവെച്ച മിശ്രിതം നിറച്ചു കൊടുക്കണം. ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനു ശേഷം മുക്കി പൊരിക്കാൻ പാകത്തിന് എണ്ണ ചൂടാക്കി എടുക്കുക. ഓരോ വെണ്ടക്കയും നമ്മൾ തയ്യാറാക്കി വെച്ച മാവിൽ മുക്കിയെടുത്ത് ഈ എണ്ണയിലിട്ട് വറുത്തു കോരാം. നല്ല ടേസ്റ്റിയായ വെണ്ടയ്ക്ക ബജി തയ്യാർ