ഡെങ്കിപ്പനി ബാധിതരിൽ ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ; കോവിഡിനേക്കാൾ കരുതൽവേണമെന്ന് ഗവേഷകർ
മനുഷ്യരിൽ കോവിഡിനേക്കാൾ ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾക്ക് ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ഗവേഷകർ. സിംഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്‌നോളജിക്കൽ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.
ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച 11,700 പേരെയും കോവിഡ് ബാധിച്ച 12 ലക്ഷം പേരെയും ആധാരമാക്കിയാണ് പഠനം നടത്തിയത്. ഇക്കൂട്ടരിൽ നടത്തിയ ടെസ്റ്റുകൾ, മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയവ പരിശോധിച്ചാണ് വിലയിരുത്തലിലെത്തിയത്. ഈ വിഭാഗത്തിൽ ഹൃദയം, മസ്തിഷ്‌കം, പ്രതിരോധശേഷി തുടങ്ങിയവയിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ വിശദമായി പരിശോധിച്ചു. അണുബാധയ്ക്കുശേഷമുള്ള ഒരുമാസം മുതൽ മുന്നൂറു ദിവസത്തിനിടയിലുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.
പഠനത്തിൽ പങ്കാളികളായ 0.5 കോവിഡ് അതിജീവിതരിൽ ഹൃദ്രോഗപ്രശ്‌നങ്ങൾ സ്ഥിരീകരിച്ചപ്പോൾ ഡെങ്കിയെ അതിജീവിച്ച 0.9ശതമാനം പേരിൽ ഹൃദ്രോഗങ്ങൾ സ്ഥിരീകരിച്ചു. ഡെങ്കിയെ പ്രതിരോധിക്കാൻ പരിസര ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങൾ വിട്ടുവീഴ്ച ചെയ്യരുതെന്നതാണ് പഠനത്തിലൂടെ വ്യക്തമാകുന്നതെന്നും ഗവേഷകർ പറയുന്നു.
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.