അമ്മയെ മാത്രമല്ല, പോസ്റ്റ് പാർട്ടം ഡിപ്രഷൻ അച്ഛനെയും ബാധിക്കും: പഠനം നോക്കാം

പോസ്റ്റ് പാർട്ടം ഡിപ്രഷൻ അല്ലെങ്കിൽ പ്രസവാനന്തര വിഷാദം അമ്മമാരെ മാത്രമല്ല, അച്ഛനെയും ഒരുപോലെ ബാധിക്കുമെന്ന് പുതിയ കണ്ടെത്തൽ. ഇത് 8 മുതൽ 13% വരെ പിതാക്കന്മാരെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇല്ലിനോയിസ് ചിക്കാഗോ സർവകലാശാലയിൽ ഈയടുത്ത് സംഘടിപ്പിച്ച ഒരു പഠനം ഈ അവസ്ഥ കണ്ടെത്താനായി പിതാക്കന്മാരെ പരിശോധിക്കണമെന്ന് നിർദേശിച്ചിരുന്നു. ബിഎംസി പ്രെഗ്നൻസി ആൻഡ് ചൈൽഡ്‌ബർത്ത് എന്ന ജേണലിൽ പഠനവിവരം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
അമ്മമാരായ സ്ത്രീകളുടെ സമ്മതത്തോടെ, 24 പിതാക്കന്മാരെ ഗവേഷകർ അഭിമുഖം നടത്തുകയും സ്‌ക്രീൻ ചെയ്യുകയും ചെയ്തു. ഇവരിൽ 30% പേർക്കും പ്രസവാനന്തര വിഷാദരോഗം ഉള്ളതായി കണ്ടെത്തി. അമ്മമാരിലുള്ള വിഷാദം കണ്ടെത്താൻ വേണ്ടി ഉപയോഗിക്കുന്ന അതേ ഉപകരണം കൊണ്ട് തന്നെയാണ് ഇതും കണ്ടെത്തിയതെന്നും വെളിപ്പെടുത്തി. യുഐ ഹെൽത്തിന്റെ ടു-ജനറേഷൻ ക്ലിനിക്കിൽ സംഘടിപ്പിച്ച പഠനത്തിന്റെ പ്രധാന രചയിതാവ് ഡോ. സാം വെയ്ൻറൈറ്റ് ഈയടുത്ത് പിതാക്കന്മാരായി മാറിയ പുരുഷന്മാരിലെ ഈ പ്രസവാനന്തര വിഷാദം പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.
പങ്കാളിയുടെ ഗർഭകാലത്തും അതിനുശേഷവും ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് കുറയുന്നതും മറ്റ് ഹോർമോൺ വ്യതിയാനങ്ങളിലൂടെയും പിതാക്കന്മാർക്ക് വിഷാദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഭാര്യയോടൊത്ത് സമയം ചിലവഴിക്കാൻ സാധിക്കാതെ വരികയോ പങ്കാളിയിൽ നിന്നും കുഞ്ഞിൽ നിന്നുമുള്ള ബന്ധം വേർപെടുത്തുക എന്നതോ ഒരു കാരണമായിരിക്കാം എന്നാണ് കണ്ടെത്തൽ.