തീപ്പെട്ടിയുണ്ടോ വീട്ടിൽ?; അരിയിലെ പ്രാണികളെ തുരത്താം: ഇതാ ചില പൊടികൈകൾ

  1. Home
  2. Lifestyle

തീപ്പെട്ടിയുണ്ടോ വീട്ടിൽ?; അരിയിലെ പ്രാണികളെ തുരത്താം: ഇതാ ചില പൊടികൈകൾ

rice insects


അരിയിലും ആട്ടയിലുമൊക്കെ കയറിക്കൂടുന്ന ചെറുപ്രാണികൾ എപ്പോഴും തലവേദനയാണ്. എത്ര ഒഴിവാക്കാൻ നോക്കിയാലും വീണ്ടും കടന്നുകൂടുന്ന ഇവ നമ്മുടെ കണ്ണിൽപ്പെടാതെ പാകംചെയ്യുന്ന ഭക്ഷണത്തിൽവരെ എത്തും. ഇവയുടെ ലാർവയോ മുട്ടകളോ ഇത്തരത്തിൽ ഭക്ഷണത്തിലൂടെ ഉള്ളിൽ എത്തിയാൽ പല രോഗങ്ങൾക്കും വഴിവച്ചന്നും വരാം. ഈ ശല്യക്കാരെ എളുപ്പത്തിൽ തുരത്താനുള്ള ചില പൊടികൈകൾ നോക്കാം 

തണുപ്പിച്ച് നശിപ്പിക്കാം 

ഫ്രിജിൽ സൂക്ഷിക്കാവുന്നതരം ഭക്ഷണസാധനങ്ങളാണെങ്കിൽ ഫ്രീസറിൽവച്ച് പ്രാണിശല്യം ഒഴിവാക്കാവുന്നതാണ്. പായ്ക്കറ്റിൽ വാങ്ങുന്ന മാവ്, ഓട്സ്, സുഗന്ധദ്രവ്യങ്ങൾ എന്നിവ വാങ്ങിയപടി ഫ്രീസറിലേക്ക് വയ്ക്കുക. നാല് ദിവസം ഫ്രീസറിൽ ഇരുന്നാൽ പ്രാണികളുടെ ലാർവയും മുട്ടകളുമൊക്കെ നശിച്ചുപോകും. നാല് ദിവസത്തിനു ശേഷം പായ്ക്കറ്റുകൾ പുറത്തെടുത്ത് സാധാരണ രീതിയിൽ സൂക്ഷിക്കാവുന്നതാണ്. 

വെയിലു കൊള്ളിക്കാം

അരി അടക്കമുള്ള ഭക്ഷ്യസാധനങ്ങൾ കണ്ടെയ്നറുകളിൽ തന്നെ വയ്ക്കാതെ ഇടയ്ക്കിടെ വെയിലത്തുവച്ച് ചൂടാക്കണം. സൂര്യന്റെ ചൂടിനെ പ്രതിരോധിക്കാനാവാതെ പ്രാണികൾ ഈർപ്പമുള്ള സ്ഥലം തേടി പായും.  

ആര്യവേപ്പില 

ആര്യവേപ്പിന്റെ ഔഷധഗുണങ്ങൾ അറിയാത്തവരുണ്ടാവില്ല. പ്രാണികളെ തുരത്താനും ആര്യവേപ്പ് സഹായിക്കും. അരിയും ധാന്യങ്ങളും സൂക്ഷിക്കുന്ന അരിപ്പെട്ടിയിലും പാത്രങ്ങളിലും ആര്യവേപ്പില ഇട്ടുവച്ചാൽ ചെള്ളുകൾ പോലെയുള്ള പ്രാണികൾ പിന്നെ ആ വഴി വരില്ല. 

ഗ്രാമ്പു 

പ്രാണികളെ ഓടിക്കാൻ ഏറ്റവും എളുപ്പത്തിലുള്ള മറ്റൊരു മാർഗമാണ് ഗ്രാമ്പൂ ഉപയോഗിക്കുന്നത്. ഗ്രാമ്പൂവിന്റെ മണം പല പ്രാണികൾക്കും ചെറുത്തുനിൽക്കാനാവാത്തതാണ് . അതിനാൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത്  ഗ്രാമ്പൂ  ഇട്ടുവച്ചാൽ പ്രാണികളെ തുരത്താം. 

തീപ്പെട്ടി

കേൾക്കുമ്പോൾ കൗതുകകരമായി തോന്നുമെങ്കിലും തീപ്പെട്ടിയും ഇത്തരം പ്രാണികളെ ചെറുക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ്. തീപ്പെട്ടിയിൽ അടങ്ങിയിരിക്കുന്ന സൾഫർ പ്രാണികളെ തുരത്താൻ സഹായിക്കും. ഭക്ഷ്യധാന്യങ്ങൾക്ക് സമീപം തീപ്പെട്ടി തുറന്ന നിലയിൽ വയ്ക്കുക. 

ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞളും

അരിയും ധാന്യങ്ങളും സൂക്ഷിക്കുന്ന കണ്ടെയ്നറുകൾക്കുള്ളിൽ ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, എന്നിവ മുഴുവനായോ കഷണങ്ങളായോ ഇട്ടു വയ്ക്കാം. ചെള്ള് ശല്യം പൂർണ്ണമായി  ഒഴിവാക്കുന്നതിനും അവയുടെ മുട്ടകൾ നശിക്കുന്നതിനും ഇത് സഹായിക്കും.

കറുവയില

അരിയിട്ട് വച്ചിരിക്കുന്ന പാത്രത്തില്‍ കറുവയില അഥവാ ബേ ലീവ്‌സ് ഇട്ടുവയ്ക്കുന്നത് ചെറുപ്രാണികള്‍ വരുന്നതില്‍ നിന്നും തടയും. രണ്ടോ മൂന്നോ ഇലകള്‍ അരിക്കിടയിലാക്കി ഇട്ടു വയ്ക്കുകയാണ് വേണ്ടത്. ശേഷം അരിയിട്ട് വയ്ക്കുന്ന പാത്രം നല്ലതുപോലെ മൂടുകയും ചെയ്യേണ്ടതുണ്ട്. 

പുതിന ഇലകള്‍

പുതിയ ഫ്രഷ്‌ പുതിന ഇലകള്‍ എടുത്ത് നന്നായി കഴുകി ഉണക്കുക. ഇതില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടാകാന്‍ പാടില്ല. ഇത് അരിയുടെ പാത്രത്തില്‍ ഇട്ടു വെച്ചാല്‍ പ്രാണികള്‍ വരില്ല.

കുറച്ച് ദിവസത്തേക്കുള്ളത് ചെറിയൊരു പാത്രത്തിലാക്കിയ ശേഷം ബാക്കിയുള്ളവ ഭദ്രമായി അടച്ച് സൂക്ഷിക്കാം. തീരുന്നതിന് അനുസരിച്ച് ചെറിയ പാത്രത്തിലേക്ക് അരി മാറ്റുന്നതും ഗുണം ചെയ്യും. അരിയില്‍ ഈര്‍പ്പം വരാതെ സൂക്ഷിക്കണം.അരിയില്‍ ചെറുപ്രാണികളെ കണ്ടെത്തിയാല്‍ നല്ല വെയിലത്ത് പരത്തിയിട്ട് ഉണക്കാന്‍ വെയ്ക്കണം.