ദീപാവലി ഇങ്ങെത്തി; വീട്ടിൽ തന്നെ സിംമ്പിളായൊരു മൈസൂര്‍ പാക് റെസിപ്പി നോക്കിയാലോ ?
ദീപാവലിക്ക് ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണുള്ളത്. ഈ ദീപാവലി കൂടുതല്‍ സ്പെഷ്യലാക്കാനും മധുരമുള്ളതാക്കാനും വീട്ടിൽ തന്നെ നല്ല സോഫ്റ്റ് ആയിട്ടുള്ള നെയ്യ് മൈസൂര്‍ പാക് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
കടലമാവ് -1.5 കപ്പ്
പഞ്ചസാര -1.5 കപ്പ്
നെയ്യ്- 1.5 കപ്പ്
വെള്ളം - 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി കടലമാവ് ഒന്ന് റോസ്റ്റ് ചെയ്തു എടുക്കുക, ഒരു മൂത്ത മണം വരുന്നവരെ റോസ്റ്റ് ചെയ്യണം. ഇനി ഇതൊന്നു തണുത്തതിന് ശേഷം ഒരു അരിപ്പ വെച്ച് അരിച്ചെടുത്തു മാറ്റി വെക്കുക. ഇനി ഒരു കപ്പ് നെയ്യിലേയ്ക്ക് ഈ കടലമാവ് മിക്സ് ചെയ്തു കട്ട ഒന്നും ഇല്ലാതെ കലക്കി വെക്കണം. ഇനി ഒരു പാനിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് കൊടുത്തതിന് ശേഷം 2 ടേബിൾ സ്പൂൺ വെള്ളം ഒഴിച്ചു ഒരു നൂൽ പരുവം ആകുന്നതു വരെ ഒന്നു ഉരുക്കി എടുക്കണം. ഒരു നൂൽ പരുവം ആകുമ്പോൾ അതിലേയ്ക്കു നേരെത്തെ മിക്സ് ചെയ്ത കടലമാവ് ഒഴിച്ചു കൊടുത്തു കലക്കി കൊണ്ടേ ഇരിക്കണം (തീ നന്നായി കുറച്ചു വെച്ച്). ഇടയ്ക്കു ബാക്കി വെച്ചിരിക്കുന്ന 1/2 കപ്പ് നെയ്യ് പലപ്പോഴായി ഒഴിച്ചു പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കുക. ഇനി ഒരു നെയ്യ് തേച്ച പാത്രത്തിൽ ഒഴിച്ചു ഒന്നു സെറ്റ് ചെയ്യാൻ വെക്കുക, കുറച്ചു തണുത്തതിന് ശേഷം മുറിച്ചു എടുക്കാം. ഇതോടെ നെയ്യ് മൈസൂര്‍ പാക് റെഡി.