റഫ്രിജറേറ്ററുകളിൽ ഈ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കരുത് ; കേടാവും

  1. Home
  2. Lifestyle

റഫ്രിജറേറ്ററുകളിൽ ഈ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കരുത് ; കേടാവും

fridge


റഫ്രിജറേറ്ററില്ലെങ്കില്‍ എന്തുചെയ്‌തേനെ? അതേ, റഫ്രിജറേറ്ററില്ലാത്ത അടുക്കളയെ കുറിച്ച് ചിന്തിക്കാന്‍ പോലും നമുക്ക് സാധ്യമല്ല. ബാക്കിയാവുന്ന ഭക്ഷണം, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി ധാന്യമാവുകളും പപ്പടവും വരെ റഫ്രിജറേറ്റില്‍ സൂക്ഷിക്കുന്നവരാണ് നാം. സകലതും കേടുകൂടാതിരിക്കാന്‍ സഹായിക്കുന്ന ഒരു മാന്ത്രികപ്പെട്ടിയാണ് പലര്‍ക്കും റഫ്രിജറേറ്റര്‍. എന്നാല്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ കേടാകുന്ന ചിലതുണ്ട്. മലയാളികള്‍ നിത്യവും ഉപയോഗിക്കുന്ന ആ പച്ചക്കറികള്‍ ഏതെന്ന് അറിയാം.


ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അപകടകരമാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഏറെ നേരം തണുത്ത താപനിലയില്‍ ഉരുളക്കിഴങ്ങ് സൂക്ഷിച്ചാല്‍ കിഴങ്ങിലടങ്ങിയിരിക്കുന്ന അന്നജം സൊലാനൈന്‍ ആയി മാറുകയും ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകുകയും ചെയ്യും. റഫ്രിജറേറ്റില്‍ സൂക്ഷിക്കുന്ന ഉരുളക്കിഴങ്ങ് മധുരിച്ച് പോകും. ഇവ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്താല്‍ തളര്‍ച്ച, തലവേദന എന്നിവയ്ക്ക് കാരണമായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നതിന് പകരം തുറന്ന പ്രതലത്തില്‍ സൂക്ഷിക്കുന്നതാണ് ഉത്തമമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

സവാള
പച്ചക്കറിക്കൊപ്പം ഏറ്റവുമധികം നാം വാങ്ങുന്ന ഒന്നാണ് സവാള. സവാള ചേര്‍ക്കാത്ത ഭക്ഷണപദാര്‍ഥങ്ങളും നമുക്ക് കുറവാണ്. എന്നാല്‍ കൂടുതല്‍ വാങ്ങിയെന്നുകരുതി ഇവ റഫ്രിജറേറ്റില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. തണുത്തതാപനിലയില്‍ സൂക്ഷിക്കുന്നത് സാവളയുടെ ഫ്രഷ്‌നെസ്സ് ഇല്ലാതാക്കും. കൂടുതല്‍ ഈര്‍പ്പമുള്ളതിനാല്‍ സവാളയില്‍ പൂപ്പല്‍ വരുന്നതിനും സാധ്യതയുണ്ട്. ഇത്തരത്തില്‍ പൂപ്പലുള്ള സവാള പാചകത്തിനായി ഉപയോഗിച്ചാല്‍ അതും ദഹനപ്രശ്‌നങ്ങളിലേക്കും ഭക്ഷ്യവിഷബാധയിലേക്കും നയിച്ചേക്കാം. എല്ലായ്‌പ്പോഴും ഉണങ്ങിയ, വായുസഞ്ചാരമുള്ള പ്രതലത്തില്‍ സവാള സൂക്ഷിക്കുന്നതാണ് അഭികാമ്യം. കറിക്ക് ഉപയോഗിക്ക് ബാക്കിയാകുന്ന സവാള റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നതും വിദഗ്ധര്‍ വിലക്കുന്നുണ്ട്. അഥവാ സൂക്ഷിക്കുകയാണെങ്കില്‍ തന്നെ ഇത് എയര്‍ടൈറ്റായ ഒരു കണ്ടെയ്‌നറില്‍ സൂക്ഷിക്കണം.


വെളുത്തുള്ളി
സവാളയുടേത് പോലെ വെളുത്തുള്ളിയും റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് പൂപ്പല്‍ ബാധയ്ക്ക് കാരണമാകും. തന്നെയുമല്ല വെളുത്തുള്ളി മുളവരാനും റബര്‍ പോലെയാകാനും സാധ്യതയുണ്ട്. ഇത് വെളുത്തുള്ളിയുടെ പുതുമയും ഗന്ധവും രുചിയും നഷ്ടപ്പെടുത്തും. ഇവ പാചകത്തിനായി ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. എന്നാല്‍ ഇവ തൊലി കളഞ്ഞ് എയര്‍ടൈറ്റായ ഒരു കണ്ടെയ്‌നറില്‍ സൂക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇഞ്ചി
ഇഞ്ചി റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നതും പൂപ്പല്‍ സാധ്യത ഉയര്‍ത്തുന്നതാണ്. ഇവ പാചകത്തിന് ഉപയോഗിച്ചാല്‍ കിഡ്‌നി, കരള്‍ പ്രശ്‌നങ്ങളിലേക്ക് വരെ നയിക്കാന്‍ കെല്‍പുണ്ട്. അതുകൊണ്ട് പേപ്പര്‍ ടവലുകളില്‍ മുറുക്കി പൊതിഞ്ഞ് വേണം ഇഞ്ചി റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍. അല്ലെങ്കില്‍ ഫ്രീസ് ചെയ്ത് ഉപയോഗിക്കണം.