ഇവ ടോയ്‌ലെറ്റിലിട്ട് ഫ്ലഷ് ചെയ്യാറുണ്ടോ?; എന്നാൽ ഒന്ന് ശ്രദ്ധിച്ചോളൂ

  1. Home
  2. Lifestyle

ഇവ ടോയ്‌ലെറ്റിലിട്ട് ഫ്ലഷ് ചെയ്യാറുണ്ടോ?; എന്നാൽ ഒന്ന് ശ്രദ്ധിച്ചോളൂ

toilet


ചില സാധനങ്ങൾ ടോയ്ലെറ്റിലിട്ട് ഫ്ലഷ് ചെയ്യുന്ന ശീലം പലർക്കുമുണ്ട്. എന്തെങ്കിലും തടസം ഉണ്ടാകുമ്പോൾ മാത്രമായിരിക്കും പലരും അബദ്ധം തിരിച്ചറിയുന്നത്. പ്ലാസ്റ്റിക്ക്,​ നാപ്കിൻ,​ ‌ഡയപ്പറുകൾ,​ മുടി എന്നിവ പുറത്തുകൊണ്ടുപോയി സംസ്കരിക്കേണ്ട മെനക്കേടോർത്ത് പലരും ഫ്ലഷ് ചെയ്യുന്നതാണ് പതിവ്. ടോയ്ല​റ്റിൽ ഒരിക്കലും ഫ്ളഷ് ചെയ്യരുതാത്ത സാധനങ്ങൾ ദാ ഇവയാണ്.

ഭക്ഷണസാധനങ്ങൾ
ഭക്ഷണസാധനങ്ങൾ ഒരിക്കലും ടോയ്ല​റ്റിൽ ഫ്ളഷ് ചെയ്യരുത്. ഭക്ഷണാവശിഷ്ടങ്ങൾ സ്വാഭാവികമായി തന്നെ ജീർണിച്ച് ഇല്ലാതാകും. എന്നാൽ ചിലതെല്ലാം സമയമെടുത്തു മാത്രമേ അലിഞ്ഞുപോകൂ.

സാനി​ട്ടറി നാപ്കിനുകൾ, ടാംപൂണുകൾ
ആർത്തവകാലത്ത് ഉപയോഗിക്കുന്ന നാപ്കിനുകളും ടാംപൂണുകളുമൊന്നും ടോയ്ല​റ്റിൽ ഫ്ളഷ് ചെയ്യരുത്. ഇവ ഒരിക്കലും താനേ നശിച്ചുപോകില്ല. കൂടാതെ വെള്ളത്തെ വലിച്ചെടുക്കുന്നവ കൂടിയാണ്. അതിനാൽ ഫ്ളഷ് ചെയ്യുന്ന സന്ദർഭങ്ങളിൽ ഇവ കൂടുതൽ വീർത്ത് പൈപ്പ് അടയാനുള്ള സാധ്യത വർദ്ധിപ്പിക്കും.

ബേബി വൈപ്പ്സ്, ഡയപ്പറുകൾ
കുട്ടികൾക്കു വേണ്ടി ഉപയോഗിക്കുന്ന ഡയപ്പറുകളും ഇത്തരത്തിൽ പ്രശ്നം സൃഷ്ടിക്കുന്നു.. നാപ്കിനുകളേക്കാൾ വലിപ്പം ഏറിയ ഡയപ്പറുകൾ തടസത്തിനുള്ള സാധ്യത കൂട്ടുന്നു. ഒപ്പം കുട്ടികളിൽ ഉപയോഗിക്കുന്ന ബേബി വൈ‌പ്സും ഫ്ളഷ് ചെയ്യാതിരിക്കണം. ഫ്ളഷ് ചെയ്യാവുന്ന വിധം വൈപ്‌സ് എന്നു പറഞ്ഞു വരുന്നവ പോലും ടോയ്ല​റ്റ് പേപ്പർ പോലെ ജീർണിക്കില്ല.

പേപ്പർ ടവ്വലും ടിഷ്യൂവും
ടോയ്ല​റ്റ് പേപ്പറിന്റെ അതേ ഉപയോഗം തന്നെയാണ് പേപ്പർ ടവ്വലിനും ടിഷ്യൂവിനും എന്നു തെ​റ്റിദ്ധരിച്ച് ഉപയോഗശേഷം ഫ്ളഷ് ചെയ്തുകളയുന്നവരുണ്ട്. എന്നാൽ ടോയ്ല​റ്റ് പേപ്പറിന് നനവിനെ പ്രതിരോധിക്കാനുള്ള കഴിവ് കുറവായതുകൊണ്ട് എളുപ്പത്തിൽ ഇല്ലാതാകും. പേപ്പർ ടവ്വലുകൾ അൽപം സമയമെടുത്തേ നശിച്ചുപോകൂ. അതിനാൽ ഉപയോഗശേഷം പേപ്പർ ടവ്വലുകളും ടിഷ്യൂവുമൊക്കെ ഫ്ളഷ് ചെയ്യുന്നതും പൈപ്പിൽ തടസം സൃഷ്ടിക്കാനിടയുണ്ട്.

മരുന്നുകൾ
ഉപയോഗശൂന്യമായ മരുന്നുകൾ ഉപേക്ഷിക്കാൻ പലരും സ്വീകരിക്കുന്ന വഴിയാണ് ഫ്ളഷ് ചെയ്യൽ. എന്നാൽ ഇവ ടോയ്ല​റ്റിലെ വെള്ളത്തിൽ അലിയാൻ പാടാണെന്നു മാത്രമല്ല വിഷമയമായ അവസ്ഥ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.

സിഗറ​റ്റ് കു​റ്റികൾ
ഉപയോഗിച്ചുകഴിഞ്ഞ സിഗറ​റ്റ് കു​റ്റികൾ വലിച്ചെറിയുന്നതിനു പകരം ഫ്ളഷ് ചെയ്യുന്നതും നന്നല്ല.

മുടി
വീട്ടിൽ അടിച്ചു വാരുമ്പോൾ കിട്ടുന്ന മുടിയെല്ലാം കൃത്യമായി കളയാതെ ഫ്ളഷ് ചെയ്യുന്നതും ദോഷമാണ്. മുടി വലപോലെ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തും.

ച്യൂയിംഗം
ഉപയോഗിച്ചു കഴിഞ്ഞ ച്യൂയിംഗവും ടോയ്ല​റ്റിൽ ഫ്ളഷ് ചെയ്യുന്നവരുണ്ട്. ച്യൂയിംഗം വെള്ളത്തിൽ അലിയില്ലെന്നു മാത്രമല്ല പൈപ്പിൽ ഒട്ടിപ്പിടിക്കാനും സാധ്യതയേറെയാണ്.