യുവത്വം നിലനിര്‍ത്തണോ? എന്നാൽ ഈ ഭക്ഷണങ്ങളൊക്കെ കഴിച്ചോളു
ചര്‍മത്തിലെ ഇലാസ്തികത നിലനിര്‍ത്തി, ചര്‍മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. പ്രായം കൂടുമ്പോള്‍ മുഖത്ത് അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് സ്വഭാവികമാണ്. ചുളിവുകള്‍, നേര്‍ത്ത വരകള്‍, ചര്‍മം തൂങ്ങല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കും. എന്നാല്‍ ഭക്ഷണശൈലിയിലുള്ള മാറ്റത്തിലൂടെ ഒരു പരിധി വരെ ഇതിനെ ചെറുക്കാന്‍ സാധിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങള്‍ ഡയറ്റില്‍ നിര്‍ബന്ധമായി ഉപയോഗിക്കണം. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ ഗുണം ചെയ്യും അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മം ചെറുപ്പമായിരിക്കാന്‍ ഉപകരിക്കും.
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍,മത്തി തുടങ്ങിയ മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇത് ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചര്‍മം തിളങ്ങാന്‍ സഹായിക്കും
മുട്ട
മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ഒരു മുട്ട വീതം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്.
ബെറി പഴങ്ങള്‍
ബെറി പഴങ്ങളായ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി തുടങ്ങിയവയും കഴിക്കാന്‍ ശ്രദ്ധിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയും കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കും.
ചീര
ചീരയും കഴിക്കാന്‍ മടിക്കരുത്. ചീരയിലെ വിറ്റാമിന്‍ എ, സി തുടങ്ങിയവയും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതുപോലെ ബ്രൊക്കോളി കഴിക്കുന്നതും ചര്‍മത്തിന് നല്ലതാണ്.
നട്സും വിത്തുകളും
ബദാം, വാള്‍നട്സ്, ചിയ സീഡുകള്‍, ഫ്ലാക്സ് സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ഇവയിലെ ഫാറ്റി ആസിഡും വിറ്റാമിനുകളും മറ്റും ചര്‍മം യുവത്വത്തോടെയിരിക്കാന്‍ സഹായിക്കും.
അതേസമയം പഞ്ചസാരയുടെയും ജങ്ക് ഫുഡിന്‍റെയും അമിത ഉപയോഗവും ചര്‍മത്തിന്‍റെ ആരോഗ്യം നഷ്ടപ്പെടുത്തും. മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം.