ഭക്ഷണം കഴിച്ചയുടന്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്; ഇവ അറിയാം

  1. Home
  2. Lifestyle

ഭക്ഷണം കഴിച്ചയുടന്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്; ഇവ അറിയാം

FOOD


പണത്തിന്റെ പിന്നാലെ സഞ്ചരിക്കുമ്പോഴും ആരോഗ്യത്തെ മറക്കാതിരിക്കുക. ആരോഗ്യകരമായ ജീവിതം ഉണ്ടെങ്കിലേ ഈ പണം നിങ്ങള്‍ക്ക് നല്ല രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യകരമായ ജീവിതശൈലിയുണ്ടെങ്കില്‍ പിന്നെ ഒന്നിനെയും പേടിക്കേണ്ട.

എന്ത് കഴിക്കുന്നു എന്ത് കഴിക്കാന്‍ പാടില്ല എങ്ങനെ കഴിക്കാന്‍ പാടില്ല എന്നത് പോലെ തന്നെയാണ് ഭക്ഷണം കഴിച്ചതിന് ശേഷം എന്തെല്ലാം ചെയ്യാന്‍ പാടില്ല ചെയ്യണം എന്ന കാര്യവും.

കൃത്യമായ ഭക്ഷണ രീതി മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെങ്കിലും പക്ഷെ ഭക്ഷണ ശേഷം ഈ കാര്യങ്ങള്‍ ചെയ്താല്‍ അതെല്ലാം വെറുതെ വെള്ളത്തിലാകും. ദഹന മുതല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വരെ നയിച്ചേക്കാവുന്ന കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.

ഭക്ഷണം കഴിച്ചയുടന്‍ വ്യായാമം ചെയ്യരുത്

ഭക്ഷണം കഴിച്ചയുടന്‍ കഠിനമായ വ്യായാമം ചെയ്യുമ്പോള്‍ അത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇങ്ങനെ ചെയ്യുന്നത് മൂലം ഓക്കാനം, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ഛര്‍ദ്ദിയിലേക്ക് നയിക്കുകയും ആസിഡ് റിഫ്‌ലക്‌സിന് കാരണമാവുകയും ചെയ്യുന്നു. ഭക്ഷണ ശേഷം മുന്‍പിലേക്ക് കുനിഞ്ഞു നില്‍ക്കുന്നതുള്‍പ്പടെയുള്ള ശാരീരികാഭ്യാസങ്ങളും ഒഴിവാക്കുക.

ഭക്ഷണം കഴിച്ച ഉടനെ ധാരാളം വെള്ളം കുടിക്കരുത്

ഭക്ഷണത്തിനു ശേഷം അധികമായി വെള്ളം കുടിക്കുമ്പോള്‍ ആമാശയത്തിലെ ആസിഡിനെ അത് നേര്‍പ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മിക്ക ഭക്ഷണങ്ങളിലും ആവശ്യത്തിന് ജലാംശം അടങ്ങിയിട്ടുണ്ട്.

ഭക്ഷണം കഴിച്ചയുടന്‍ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക

ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഫിനോളിക് സംയുക്തങ്ങള്‍ ചായയിലും കാപ്പിയിലും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഭക്ഷണം കഴിഞ്ഞയുടനെ ഇത്തരം പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഭക്ഷണത്തില്‍ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും.

ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക

ഭക്ഷണം കഴിച്ച ഉടന്‍ പഴങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് ശേഷം പഴം കഴിക്കുമ്പോള്‍ ഇത് മറ്റ് പദാര്‍ത്ഥങ്ങളുമായി കലരുകയും പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങള്‍ ശരീരത്തിന് ആഗീരണം ചെയ്യാന്‍ കഴിയാതെ വരുന്നു.

ഭക്ഷണം കഴിച്ച ശേഷമുള്ള ഉറക്കം ഒഴിവാക്കുക

ഭക്ഷണത്തിനു ശേഷം ഉറക്കം വരുന്നത് സാധാരണമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുമ്പോള്‍ ദഹന രസങ്ങള്‍ ഉയര്‍ന്നു വരികയും അത് നെഞ്ചെരിച്ചിലിനു കാരണമാവുകയും ശരീരഭാരം വര്‍ധിക്കുന്നതിനും കാരണമാകുന്നു.