മുട്ടത്തോട് കളയണ്ട; ചെടികൾക്ക് മികച്ചവളമാക്കാം
വീട്ടിൽ നിന്ന് നാം സാധാരണയായി വലിച്ചെറിയുന്ന ഒന്നാണ് മുട്ടത്തോട്. എന്നാൽ മുട്ടത്തോട് ഒരു ഒന്നാന്തരം വളമാണ്. എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. മുട്ടത്തോടില്‍ പ്രധാനമായും കാത്സ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. കാത്സ്യം ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ഒരു പോഷകമാണ്. ഇത് ചെടികളിലെ കാത്സ്യത്തിൻ്റെ കുറവ് തടയാൻ സഹായിക്കും. മുട്ടയുടെ പുറം തൊണ്ടിൽ കാൽസ്യം കാർബണേറ്റ്, പ്രോട്ടീൻ, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. അടുത്തിടെ നടത്തിയ പഠനങ്ങൾ പ്രകാരം മുട്ടയുടെ തോണ്ടുകളിൽ ഏകദേശം 40 ശതമാനം കാൽസ്യം അടങ്ങിയിട്ടുണ്ട്
കൂടാതെ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുള്‍പ്പെടെയുള്ള മറ്റ് അവശ്യ പോഷകങ്ങളും ചെറിയ അളവില്‍ മുട്ടത്തോടില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ തോട് മണ്ണില്‍ കലരുമ്പോൾ ഈ പോഷകങ്ങള്‍ ചെടികള്‍ക്ക് ലഭ്യമാകും. ഇത് ചെടികള്‍ക്ക് വളമായി പ്രവർത്തിക്കുന്നു.
മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനും മുട്ടത്തോടിന് കഴിയും. മുട്ടത്തോടുകള്‍ പൊട്ടുമ്പോൾ അവ മണ്ണിനുള്ളില്‍ ദ്വാരങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് വായുവും വെള്ളവും കൂടുതല്‍ ലഭ്യമാകാൻ സഹായകരമാണ്. വേരുകള്‍ക്ക് ഓക്സിജനും വെള്ളവും കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ആരോഗ്യകരമായ വേരുകളും ചെടികളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുട്ടത്തോടുകള്‍ക്ക് ചില കീടങ്ങള്‍ക്ക് പ്രകൃതിദത്ത കീടനാശിനിയായി വർത്തിക്കാനും കഴിയും. മുട്ടത്തോടിന്റെ മൂർച്ചയുള്ള അരികുകള്‍ ഇവയ്ക്ക് ഇഴയുന്നതിന് ബുദ്ധിമുട്ടാക്കും. മുട്ടത്തോട് എങ്ങനെ വളമായി ഉപയോഗിക്കാം?
ആദ്യം മുട്ടത്തോടുകള്‍ ശേഖരിക്കുക. ഇവ നന്നായി കഴുകി ഉണക്കുക. ശേഷം പൊടിച്ച് ചെറിയ കഷ്ണങ്ങളാക്കുക. ഈ തയ്യാറാക്കിയ പൊടി ചെടികള്‍ക്ക് വളമായി ഉപയോഗിക്കാം. . മുട്ടത്തോട് ചേർത്ത ശേഷം മണ്ണ് നനയ്ക്കുക, ഇത് പോഷകങ്ങള്‍ വിഘടിച്ച് ചെടികള്‍ക്ക് ലഭ്യമാകാൻ സഹായിക്കും.