വണ്ണം കുറയ്ക്കണോ?; കഞ്ഞിവെള്ളം ദാ ഇങ്ങനെ കുടിച്ചോളൂ

  1. Home
  2. Lifestyle

വണ്ണം കുറയ്ക്കണോ?; കഞ്ഞിവെള്ളം ദാ ഇങ്ങനെ കുടിച്ചോളൂ

 കഞ്ഞിവെള്ളം


ചോറുണ്ടാക്കി കഴിഞ്ഞ് ബാക്കി വരുന്ന അന്നജം അടങ്ങിയ പാനീയമാണ് കഞ്ഞിവെള്ളം. അന്നജം മാത്രമല്ല, ശരീരത്തിന് അത്യുത്തമമായ മറ്റ് പലതരം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും ഇതിലുണ്ട്, അതിനാൽ, ദിവസം മുഴുവൻ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും ഇതിനു കഴിയും. ചർമം തിളക്കമുള്ളതും മൃദുവാമാകാനും സഹായിക്കും. തലമുടി കൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ കഞ്ഞിവെള്ളം
പോഷകങ്ങൾ വളരെ കൂടുതൽ ആണെങ്കിലും കാലറി വളരെ കുറവാണ് കഞ്ഞിവെള്ളത്തിൽ. 100 മില്ലി കഞ്ഞിവെള്ളത്തിൽ ഏകദേശം 40-50 കാലറിയാണ് അടങ്ങിയിട്ടുള്ളത്. കൃത്രിമ മധുരം ചേർത്ത പാനീയങ്ങളെക്കാൾ പതിന്മടങ്ങ് ഗുണവുമുണ്ട്. 

കഞ്ഞിവെള്ളത്തിലെ അന്നജം ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ഫ്രോണ്ടിയേഴ്സ് ഇൻ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. കൊഴുപ്പിൻറെ രാസവിനിമയം പ്രോത്സാഹിപ്പിച്ച്, അത് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും അന്നജം സഹായിക്കുന്നു. ദഹനം മെച്ചപ്പെടുമ്പോൾ, ശരീരത്തിന് നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനാകും. ഇത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

രാവിലെ പഴങ്കഞ്ഞി കുടിക്കുന്നത്, ദിവസം മുഴുവൻ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ, ഭക്ഷണത്തിന് അര മണിക്കൂർ മുൻപ് കഞ്ഞിവെള്ളം കുടിക്കുന്നത്, കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് പതിനഞ്ചു ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം പറയുന്നു. ഇതും ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പ്രധാന ഇലക്ട്രോലൈറ്റുകൾ കഞ്ഞിവെള്ളത്തിലുണ്ട്. ഇത് ജലാംശം നിലനിർത്താനും, അതുവഴി ദഹനം കൂട്ടി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

കഞ്ഞിവെള്ളം കൊണ്ട് രസം ഉണ്ടാക്കാം
കഞ്ഞിവെള്ളം ഉപയോഗിച്ച് അടിപൊളി രസം ഉണ്ടാക്കാം. ചോറിനൊപ്പം തന്നെ കഴിക്കാവുന്ന ഈ കിടിലൻ രസം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചോറൂറ്റിയ ശേഷം ബാക്കിവരുന്ന കഞ്ഞിവെള്ളം എടുത്തു വയ്ക്കുക. ഒരു പാൻ ചൂടാക്കിയ ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ജീരകം, ഒരു ചുവന്ന മുളക് എന്നിവ ചേർത്ത് താളിക്കുക. ഇതിലേക്ക് ചതച്ച വെളുത്തുള്ളി ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക

ഒരു വലിയ തക്കാളി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക. ഒപ്പം ഒരുപിടി കറിവേപ്പില കൂടി ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഒരു ചെറിയ നെല്ലിക്കയുടെ വലിപ്പത്തിൽ വാളൻപുളി പിഴിഞ്ഞെടുത്ത് അത് അടുപ്പത്തേക്ക്  ഒഴിക്കുക.

ഇതിലേക്ക് ആവശ്യത്തിന് കായം പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ രസം പൊടി, ഉപ്പ് എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് കഞ്ഞിവെള്ളം ഒഴിച്ച് രണ്ടു മിനിറ്റ് തിളപ്പിക്കുക. നന്നായി തിളച്ചു വന്ന ശേഷം, അര ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് മല്ലിയില എന്നിവ കൂടി ചേർത്ത് വാങ്ങിവെക്കാം. കഞ്ഞിവെള്ളം കൊണ്ടുള്ള രസം റെഡി.