ചോറുണ്ണാൻ ഈ മുരിങ്ങയ്ക്കാ മസാലക്കറി മാത്രം മതിയാവും; ഇതൊന്ന് തയാറാക്കി നോക്കൂ

  1. Home
  2. Lifestyle

ചോറുണ്ണാൻ ഈ മുരിങ്ങയ്ക്കാ മസാലക്കറി മാത്രം മതിയാവും; ഇതൊന്ന് തയാറാക്കി നോക്കൂ

DRUM


കറിയ്ക്ക് പ്രത്യേക രുചി നൽകുമെന്ന് മാത്രമല്ല മുരിങ്ങയ്ക്കായിൽ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മുരിങ്ങ ഇലകൊണ്ട് തോരൻ ഉണ്ടാക്കിയും നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഇങ്ങനെ രണ്ടുമല്ലാത്ത നല്ല രുചിയേറിയ ഒരു വിഭവം മുരിങ്ങയ്ക്കാ കൊണ്ട് പരീക്ഷിച്ചുനോക്കിയാലോ? എത്ര ചോറുവേണമെങ്കിലും കഴിക്കാൻ ഈ ഒരു മുരിങ്ങയ്ക്കാ മസാലക്കറി മതിയാവും.

ആദ്യം ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കണം. ഇനി കാൽകപ്പ് ചിരകിയ തേങ്ങ, ആറ് ചെറിയ ഉള്ളി, രണ്ട് ഗ്രാംപൂ, രണ്ട് കറുവാപ്പട്ട, രണ്ട് ഏലയ്ക്ക എന്നിവ മീഡിയം ഫ്‌ളേമിൽ വറുത്തെടുക്കണം. തേങ്ങയുടെ നിറം മാറിവരുമ്പോൾ അതിലേയ്ക്ക് ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വറുത്തെടുക്കണം. ഇത് ചൂടാറി കഴിയുമ്പോൾ അൽപ്പം വെള്ളം ചേർത്ത് അരച്ചെടുത്ത് മാറ്റിവയ്ക്കാം.

അടുത്തതായി ഒരു പാനിൽ രണ്ട് ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അര ടീസ്പൂൺ ചെറിയ ജീരകം, അര ടീസ്പൂൺ പെരുംജീരകം, ഒരു സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റിയെടുക്കണം. നന്നായി വഴണ്ട് കഴിയുമ്പോൾ അര ടീസ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഒരു തക്കാളി ചെറുതായി അരിഞ്ഞത്, കുറച്ച് കറിവേപ്പില എന്നിവ കൂടി ചേർത്ത് വഴറ്റണം. ഇതിലേയ്ക്ക് അൽപ്പം പുളിവെള്ളം കൂടി ചേർത്തിളക്കിയതിനുശേഷം നേരത്തെ അരച്ചുവച്ചിരിക്കുന്ന മസാല കൂട്ട് ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളക്കാൻ വയ്ക്കണം.തിള വന്നുതുടങ്ങുമ്പോൾ കഴുകി വൃത്തിയാക്കി മുറിച്ചെടുത്ത മുരിങ്ങയ്ക്ക ചേർത്തുകൊടുക്കാം. ഇത് ഒരു എട്ടുമിനിട്ടോളം അടച്ചുവച്ച് കുറുകി വരുന്നതുവരെ വേവിക്കാം. മുരിങ്ങയ്ക്കാ മസാലക്കറി റെഡിയായി.