മുടി വളർത്താൻ സഹായിക്കുന്ന സിമ്പിൾ ഒരു എണ്ണ; എളുപ്പത്തിൽ വീട്ടിൽ തയാറാക്കി എടുക്കാം

  1. Home
  2. Lifestyle

മുടി വളർത്താൻ സഹായിക്കുന്ന സിമ്പിൾ ഒരു എണ്ണ; എളുപ്പത്തിൽ വീട്ടിൽ തയാറാക്കി എടുക്കാം

Hair oil


മുടി വളർത്താൻ വീട്ടിൽ കാച്ചിയെടുക്കുന്ന എണ്ണ ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. പല ചേരുവകൾ ചേർത്ത് വീട്ടിൽ തന്നെ കാച്ചിയെടുക്കന്ന എണ്ണകൾ മുടിയ്ക്ക് ബലവും തിളക്കവും നൽകാൻ സഹായിക്കും. പണ്ടൊക്കെ മുത്തശ്ശിമാർ സമയം എടുത്ത് ചെയ്തിരുന്നതാണ് എണ്ണ കാച്ചൽ. എന്നാൽ ഇന്ന് പലർക്കും ഇതിന് നേരമില്ല അതുകൊണ്ട് തന്നെ ആരും എണ്ണ കാച്ചാനായി മെനക്കെടാറില്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷെ വീട്ടിൽ തന്നെ എളുപ്പത്തിൽ കാച്ചിയെടുക്കാൻ കഴിയുന്നതാണ് ഈ എണ്ണ. മുടിയ്ക്ക് നല്ല ഉള്ളും ഭംഗിയും നൽകാൻ സഹായിക്കുന്നതാണ് ഈ കാച്ചെണ്ണ.

വെളിച്ചെണ്ണ

മുടി വളർത്താൻ ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ. മുടിയ്ക്ക് കട്ടിയില്ലെങ്കിൽ നന്നായി വെളിച്ചെണ്ണ തേച്ച് മസാജ് ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകും. മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം ഘടകങ്ങൾ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അകാലനര ഇല്ലാതാക്കാനും വെളിച്ചെണ്ണയ്ക്ക് കഴിയും. രോകൂപങ്ങളെ ഉത്തേജിപ്പിച്ച് വേരിൽ നിന്ന് മുടിയെ ബലപ്പെടുത്താനും കൊഴിച്ചിൽ മാറ്റാനും വെളിച്ചെണ്ണയ്ക്ക് കഴിയാറുണ്ട്. മുടികൊഴിച്ചിൽ അമിതമായിട്ടുള്ളവർ വെളിച്ചെണ്ണ തേയ്ക്കുന്നത് വളരെ നല്ലതാണ്.​

ചെറിയുള്ളി

അടുക്കളയിൽ നല്ല സാമ്പാർ വയ്ക്കാൻ ഉപയോഗിക്കുന്ന ചെറിയുള്ള ആളൊരു കേമനാണ്. കറികൾക്ക് രുചി കൂട്ടാൻ മാത്രമല്ല നന്നായി മുടി വളർത്തിയെടുക്കാനും ചെറിയുള്ളി ഏറെ സഹായിക്കും. മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നതാണ് ചെറിയുള്ളി. ഉള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫറാണ് മുടികൊഴിച്ചിൽ തടയാൻ ഏറ്റവുമധികം സഹായിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാറുണ്ട്.

ആവണക്കെണ്ണ

മുടി വളർത്താൻ ബെസ്റ്റാണ് ആവണക്കെണ്ണ. നല്ല കൊഴുപ്പുള്ള എണ്ണയാണ് ആവണക്കെണ്ണ. വരണ്ട തലയോട്ടി, മുടിയുടെ കട്ടി കുറയൽ, മുടിയുടെ അറ്റം പിളരൽ, മുടി കൊഴിച്ചിൽ എന്നിവയ്ക്കുള്ള ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യമാണ് ആവണക്കെണ്ണ. ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളാണ് ഈ എണ്ണ സമ്പന്നമാണ്. മുടിക്കും തലയോട്ടിക്കും ഈർപ്പം നൽകാൻ ഏറെ മികച്ചതാണ് ആവണക്കെണ്ണ. മുടിയെ ബലപ്പെടുത്തുന്ന ഒമേഗ 6, ഒമേഗ 9 എന്നിവയാൽ സമ്പുഷ്ടമാണ് ആവണക്കെണ്ണ.

ഉലുവ

മുടിയ്ക്ക് ആവശ്യമായ പല പോഷകങ്ങളും നൽകുന്നതാണ് ഉലുവ. വെറും ദിവസങ്ങൾക്കൊണ്ട് മുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഉലുവയ്ക്ക് കഴിയാറുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ മുടികൊഴിച്ചിൽ തടഞ്ഞ് മുടിയെ വേരിൽ നിന്ന് ബലപ്പെടുത്തി വളർത്തിയെടുക്കാൻ ഉലുവ സഹായിക്കാറുണ്ട്. പാർശ്വഫലങ്ങളില്ലാതെ പ്രകൃതിദത്തമായ രീതിയിൽ മുടി വളർത്തിയെടുക്കാൻ സഹായിക്കുന്നതാണ് ഉലുവ.

കറിവേപ്പില

വെറുമൊരു ഇലയായി കറിവേപ്പിലയെ ആരും എഴുതി തള്ളണ്ട. മുടി വളർത്താൻ ഏറെ മികച്ചതാണ് കറിവേപ്പില. ഇത് മുടിയ്ക്ക് നല്ല ബലവും ആരോഗ്യവും നൽകാനും മുടി കൊഴിച്ചിൽ തടയാനും ഏറെ സഹായിക്കാറുണ്ട്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ നീർവീര്യമാക്കി മുടി ആരോഗ്യമുള്ളതാക്കാനും ബലമുള്ളതാക്കാനും ഇത് ഏറെ സഹായിക്കും. മുടികൊഴിച്ചിൽ മാറാനുള്ള ചെലവ് കുറഞ്ഞ മാർഗങ്ങളിൽ ഒന്നാണ് കറിവേപ്പില ഉപയോഗിക്കുന്നത്. മുടിയ്ക്ക് നല്ല നിറം നൽകാനും കറിവേപ്പില ഏറെ സഹായിക്കും.

കരിഞ്ചീരകം

മുടിയുടെ പ്രിയപ്പെട്ട സുഹൃത്ത് എന്ന് വേണമെങ്കിൽ നമുക്ക് കരിഞ്ചീരകത്തെ വിളിക്കാം. പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുള്ള കരിഞ്ചീരകം മുടിയ്ക്ക് ധാരാളം ഗുണങ്ങൾ നൽകുന്നുണ്ട്. മുടിയ്ക്ക് നല്ല കറുപ്പ് നിറവും അതുപോലെ തിളക്കവും നൽകാൻ കരിഞ്ചീരകത്തിന് കഴിയും. രോകൂപങ്ങളെ ബലപ്പെടുത്തി മുടി നല്ല രീതിയിൽ വളർത്തിയെടുക്കാനുള്ള പല ഘടകങ്ങളും കരിഞ്ചീരകത്തിലുണ്ട്. രോകൂപങ്ങളെ ശക്തിപ്പെടുത്തി വേരിൽ നിന്ന് മുടിയെ ബലപ്പെടുത്താൻ സഹായിക്കുന്നതാണ് കരിഞ്ചീരകം.

എണ്ണ തയാറാക്കാൻ

ആദ്യം തന്നെ 1 ടേബിൾ സ്പൂൺ വീതം ഉലുവയും കരിഞ്ചീരകവും നന്നായി ചീനിച്ചട്ടിയിൽ വറുത്ത് എടുക്കുക. ഇനി ഇത് ചൂടാറുമ്പോൾ മിക്സിയിൽ പൊടിച്ച് മാറ്റി വയ്ക്കുക. അതിന് ശേഷം അടി കട്ടിയുള്ള പാത്രം സ്റ്റൌവിൽ വച്ച് അര ലിറ്റർ വെളിച്ചെണ്ണയും 150ml ആവണക്കെണ്ണയും നന്നായി ചൂടാക്കുക. ഇനി ഇതിലേക്ക് നേരത്തെ പൊടിച്ച് വച്ച ഉലുവയും കരിഞ്ചീരകവും ഒരു പിടി കറിവേപ്പില കഴുകി വ്യത്തിയാക്കിയതും കൂടി ചേർക്കുക.

അതിന് ശേഷം ചെറുതായി അരിഞ്ഞ 20 ചെറിയുള്ളി കൂടി ഇതിനൊപ്പം ചേർത്ത് നന്നായി തിളിപ്പിച്ച് എടുക്കുക. എണ്ണയുടെ നിറം മാറുന്നത് വരെ തിളപ്പിക്കണം. ചൂട് ആറിയ ശേഷം ഈ എണ്ണ ഒരു കോട്ടൺ തുണിയിലൂടെ അരിച്ച് എടുത്ത് കാറ്റ് കയറാത്ത കുപ്പിയിൽ സൂക്ഷിക്കാവുന്നതാണ്. കുളിക്കുന്നതിന് അര മണിക്കൂർ മുൻപ് ഇത് തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്.