വെള്ളം വേണ്ട; നല്ല സോഫ്‌ട് പുട്ട് സിമ്പിളായി തയ്യാറാക്കാം: കുറച്ച് പൊടിക്കൈകൾ പരീക്ഷിക്കാം

അരിപ്പുട്ട്, ഗോതമ്പ് പുട്ട്, ഇറച്ചിപ്പുട്ട്, റാഗി പുട്ട്, റവ പുട്ട് എന്നിങ്ങനെ പുട്ട് വെറൈറ്റികൾ പലവിധമുണ്ട്. എന്നാൽ പുട്ട് തയ്യാറാക്കുമ്പോൾ ചിലരെങ്കിലും നേരിടുന്ന പ്രശ്നമാണ് പുട്ട് സോഫ്‌ട് ആകുന്നില്ല എന്നത്. രാവിലെ അൽപ്പമെങ്കിലും മൃദുലമായിരിക്കുന്ന പുട്ട് കുറച്ച് കഴിയുമ്പോൾ കട്ടിയായി പോകുന്നുവെന്ന പരാതികളും ഉണ്ട്. ഈ പ്രശ്‌നം പരിഹരിക്കാൻ കുറച്ച് പൊടിക്കൈകൾ പരീക്ഷിക്കാം.
ആദ്യം ഒരു കപ്പ് അരിപ്പൊടി ഒരു പാത്രത്തിലെടുക്കാം. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്തതിനുശേഷം ഈ വെള്ളം കുറച്ച് കുറച്ചായി അരിപ്പൊടിയിൽ ചേർത്ത് പുട്ടിന് കുഴക്കാം. പൊടിയുടെ എല്ലാ ഭാഗത്തും വെള്ളമെത്തണം. പുട്ടിന് വെള്ളം ചേർത്ത് കുഴക്കുമ്പോൾ വെള്ളം അധികമായിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി കുഴച്ചുവച്ച അരിപ്പൊടി മിക്‌സി ജാറിലിട്ട് ഒരു പ്രാവശ്യമൊന്ന് കറക്കിയെടുക്കാം. ശേഷം കുറച്ച് തേങ്ങ ചിരകിയത് കൂടി ചേർത്ത് അരിപ്പൊടി പുട്ടുക്കുറ്റിയിൽ നിറച്ച് ആവി കേറ്റിയെടുക്കാം. ദിവസം മുഴുവൻ നല്ല സോഫ്ട് ആയി ഇരിക്കുന്ന പുട്ട് റെഡിയായി. ഗോതമ്പ്, റാഗി, റവ തുടങ്ങിയവയിലും ഇത്തരത്തിൽ നല്ല സോഫ്‌ട് പുട്ട് ഉണ്ടാക്കാവുന്നതാണ്.
ഫ്രിഡ്‌ജിൽ സൂക്ഷിച്ച ചോർ ഉണ്ടെങ്കിലും നല്ല സോഫ്‌ട് പുട്ട് ഉണ്ടാക്കാം. ചോറ് പുറത്തുവച്ചതിനുശേഷം ചെറിയ തണുപ്പോടെ അരിപൊടിയും ഉപ്പും ചേർത്ത് മിക്‌സിയിൽ ചെറുതായൊന്ന് കറക്കിയെടുക്കണം. വെള്ളം ചേർക്കേണ്ടതില്ല. ഇനി ഇത് തേങ്ങ ചിരകിയതും ചേർത്ത് പുട്ടുക്കുറ്റിയിൽ നിറച്ച് ആവി കേറ്റിയെടുക്കാം.