എല്ലാ മാസവും സമ്പാദ്യമായി കുറച്ച് പണം നീക്കിവെക്കാം; അതിന് ഫലപ്രദമായ വഴികൾ ഇതാ
എല്ലാ മാസവും വരുമാനത്തിൽ ഒരു തുക സമ്പാദ്യമായി നീക്കിവെക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശമ്പളത്തിന്റെ അല്ലെങ്കിൽ വരുമാനത്തിന്റെ ഒരു ഭാഗം നീക്കിയിരുപ്പായി മാറ്റുന്നതിലൂടെ കടമെടുക്കാതെ തന്നെ അവിചാരിതമായ ചിലവുകളെ നേരിടാൻ കഴിയും. മാത്രമല്ല, ഈയൊരു ശീലത്തിലൂടെ വീട് വാങ്ങുക, യാത്ര പോകുക, വിരമിക്കലിന് ശേഷം സാമ്പത്തിക ആശങ്കകളില്ലാതെ ജീവിക്കുക തുടങ്ങി ഭാവി ലക്ഷ്യങ്ങൾ നേടാൻ നമ്മളെ സഹായിക്കുകയും ചെയ്യും.
പക്ഷേ എല്ലാ മാസവും സമ്പാദ്യമായി ഒരു തുക മാറ്റിവെക്കണമെന്ന ആഗ്രഹം പലർക്കും നടക്കാറില്ല. അങ്ങനെയുള്ളവർക്ക് അതിനായി വലിയ പരിശ്രമമൊന്നും എടുക്കാതെ, എളുപ്പത്തിൽ പണം നീക്കിവെക്കാനുള്ള വഴികൾ എന്തെല്ലാമാണെന്ന് നോക്കാം.
ഓൺലൈൻ ഷോപ്പിംഗ്
ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ ഷോപ്പിംഗ് പരമാവധി കുറയ്ക്കുക. കാരണം ഓൺലൈൻ ഷോപ്പിംഗ് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കുക എന്നതിനേക്കാൾ കൺമുന്നിൽ കാണുന്നത് വാങ്ങിക്കാനുള്ള ആഗ്രഹമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ആവശ്യമില്ലാത്ത പക്ഷം ഇത്തരം വെബെ്സൈറ്റുകളും പേജുകളും ആപ്പുകളും സന്ദർശിക്കുന്നത് തന്നെ ഒഴിവാക്കുക.
പുറത്ത് നിന്നുള്ള ഭക്ഷണം
എല്ലാ മാസവും വലിയ രീതിയിൽ പണം പോകുന്ന ഒരു വഴി പുറത്ത് നിന്നുള്ള ഭക്ഷണമാണ്. പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കലിന്റെ എണ്ണം കുറയ്ക്കുക. ക്രെഡിറ്റ് കാർഡ് റിവാർഡ്, ഫുഡ് കൂപ്പണുകൾ എന്നിവയിലൂടെ മാത്രം ആ ചിലവ് നിർവ്വഹിക്കാൻ ശ്രമിക്കുക.
ചിലവുകൾ വീക്ഷിക്കുക
ഒരു ബജറ്റ് തയ്യാറാക്കി അതിനൊത്ത് വരവുചിലവുകൾ കൈകാര്യം ചെയ്യുക. ചിലവുകൾ കൃത്യമായി രേഖപ്പെടുത്താനും വിലയിരുത്താനും മൊബൈൽ ആപ്പുകൾ ഉപയോഗപ്പെടുത്തുക. ഓരോ മാസവും ചിലവുകൾ കുറച്ചുകൊണ്ടുവരിക. എല്ലാ മാസവും നിശ്ചിത തുക നീക്കിവെക്കുന്നതിനായി ഏതെല്ലാം ചിലവുകൾ കുറയ്ക്കാനാകുമെന്ന് മനസ്സിലാക്കുക. ഓരോ മാസത്തെയും പണത്തിന്റെ വരവും പോക്കും കണക്കുകൂട്ടുക.
വാങ്ങേണ്ട സാധനങ്ങൾ എഴുതിവെക്കുക
വീട്ടിലേക്കുള്ള സാധനം വാങ്ങാൻ പോകുമ്പോൾ എന്തെല്ലാമാണ് വേണ്ടതെന്ന് കൃത്യമായി എഴുതി തയ്യാറാക്കി പോകുക. കണ്ണിൽ കാണുന്നതെല്ലാം വാങ്ങാതിരിക്കുക. കൂപ്പണുകളുടെ ആനുകൂല്യം ഉപയോഗപ്പെടുത്തുക. റിവാർഡ് പദ്ധതികളിൽ അംഗമാകുക.
അനാവശ്യ സബ്സ്‌ക്രിപ്ഷനുകൾ
എല്ലാ മാസവും ആവർത്തിക്കുന്ന ബില്ലുകൾ, ചാർജുകൾ എന്നിവ എന്തെല്ലാമാണെന്ന് മനസ്സിലാക്കി, അവയിൽ ഏതെല്ലാമാണ് ആവശ്യം ഏതെല്ലാം അനാവശ്യം എന്ന് തരംതിരിച്ച് ഒഴിവാക്കാൻ കഴിയുന്നത് ഒഴിവാക്കുക. ഫ്രീ ്ട്രയൽ എന്ന ഓഫറിൽ വീഴാതിരിക്കുക. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)