മദ്യം ലൈംഗിക ജീവിതത്തെ തകർക്കുമോ?; സത്യമെന്താണ്?, ഉത്തരം ഇവിടെയുണ്ട്
മദ്യപാനത്തിന്റെ ദോഷവശങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നതാണ്. പലരും ആവശ്യത്തിലധികം മദ്യം കഴിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ കുടിക്കുമെന്ന് മാത്രമാണ് പറയാറ്. ചിലർ വല്ലപ്പോഴും മാത്രം മദ്യം കഴിക്കുമെന്ന് പറയുന്നു. അമിതമായി മദ്യം കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ ഒരു കാര്യം അറിഞ്ഞിരിക്കുക. പുരുഷന്മാരുടെ പ്രത്യുൽപാദനത്തെ മദ്യം പ്രതികൂലമായി ബാധിക്കും. ബീജങ്ങളുടെ എണ്ണത്തിൽ മാത്രമല്ല, അവയുടെ ആകൃതിയിലും വലിപ്പത്തിലും ഗുണത്തിലും മദ്യം നെഗറ്റീവ് സ്വാധീനം ചെലുത്തുന്നുവെന്ന് പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്. പ്രത്യേകിച്ച് അമിതമായി മദ്യപിക്കുന്നവർക്ക് ഇത് ദോഷകരമാണ്.
പഠനങ്ങൾ അനുസരിച്ച്, മദ്യം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുകയും ഈസ്ട്രജന്റെ അളവ് വർദ്ധിപ്പിക്കുകയും പല ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ബീജ ഉത്പാദനവും കുറയ്ക്കുന്നു. മദ്യം ഒരുതരം ലൈംഗികാസക്തി വളർത്തുന്നുവെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. എന്നാൽ ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുന്നുണ്ടോ? അറിയാം
ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുന്നുണ്ടോ?
അമിതമായ ഉപഭോഗം സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഹോർമോൺസ് ആൻഡ് ബിഹേവിയർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് മദ്യപാനം സ്ത്രീകളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ ശരീരത്തിന്റെ പ്രതികരണം കുറയ്ക്കുകയും ചെയ്യും എന്നാണ്. വാസ്തവത്തിൽ, ലഹരി ഉപയോഗം ചില സ്ത്രീകളിൽ രതിമൂർച്ഛ വൈകിപ്പിക്കും, ചിലരിൽ അത് തടയും.
മദ്യം എല്ലാവരേയും ഒരേ രീതിയിലല്ല ബാധിക്കുന്നത്
അടിസ്ഥാനപരമായി, സ്ത്രീയുടെയും പുരുഷന്റെയും ശരീരം തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങൾ കാരണം മദ്യം അവരിൽ വ്യത്യസ്തമായി പ്രതികരിക്കുന്നു. സ്ത്രീ ശരീരത്തിൽ പൊതുവെ വെള്ളവും മദ്യം വിഘടിപ്പിക്കുന്ന എൻസൈമുകളും കുറവാണ്. അവർക്ക് ശരീരത്തിൽ ഉയർന്ന അനുപാതത്തിൽ കൊഴുപ്പുണ്ട്. കൂടാതെ മെറ്റബോളിസത്തെ ബാധിച്ചേക്കാവുന്ന ഹോർമോണുകളിൽ മാറ്റങ്ങളും അനുഭവപ്പെടുന്നു.
കനത്ത മദ്യപാനം ഉദ്ധാരണക്കുറവിന് കാരണമാകുന്നു
മദ്യത്തിന്റെ ദീർഘകാല ഉപയോഗവുമായി ഉദ്ധാരണക്കുറവ് ബന്ധപ്പെട്ടിരിക്കുന്നു. ചില പഠനങ്ങൾ അനുസരിച്ച്, മദ്യത്തെ ആശ്രയിക്കുന്ന പുരുഷന്മാർക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത 60-70 ശതമാനമാണ്. അകാല സ്ഖലനമോ കാലതാമസമുള്ള സ്ഖലനമോ എന്നിവ ഉൾപ്പെടെയുള്ള മറ്റ് ലൈംഗിക പ്രശ്നങ്ങളും അവർ അനുഭവിച്ചേക്കാം.
ആരോഗ്യപരമായ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച്, അമിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, സ്ട്രോക്ക്, കരൾ തകരാറുകൾ, ദഹന പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ പല വിട്ടുമാറാത്ത രോഗങ്ങൾ വരുന്നതിലേക്ക് നയിച്ചേക്കാം. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ വഷളാക്കുകയും കാൻസർ, ഉത്കണ്ഠ, വിഷാദം എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ലിബിഡോ വഷളാക്കുന്നു
ഒന്നോ രണ്ടോ പെഗ് കഴിക്കുന്നത് ലൈംഗികവേളയിൽ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചേക്കാം. എന്നാൽ അമിതമായി മദ്യപിക്കുന്നത് നിങ്ങളുടെ ലിബിഡോയെ പ്രതികൂലമായി ബാധിക്കുന്നു. ദീർഘകാലമായുള്ള മദ്യപാനം നിങ്ങളുടെ ലിബിഡോയെയും ഫെർട്ടിലിറ്റിയെയും പ്രതികൂലമായി ബാധിക്കും. അമിതമായ മദ്യപാനം പുരുഷന്മാരിൽ ഉദ്ധാരണം ലഭിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള കഴിവിനെ ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ബീജത്തിന്റെ ആരോഗ്യം കുറയ്ക്കുന്നു
മദ്യപാനം ആരോഗ്യമുള്ള ബീജങ്ങളുടെ ആകൃതിയും വലിപ്പവും ചലനശേഷിയും കുറയ്ക്കുന്നു. ഹെൽത്ത്ലൈനിന്റെ റിപ്പോർട്ട് അനുസരിച്ച്, മദ്യപാനം വൃഷണത്തിന്റെ വലുപ്പം കുറയ്ക്കും, ഇത് വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മദ്യത്തിന് സ്ഖലനം വേഗത്തിലാക്കാനോ കുറയ്ക്കാനോ കഴിയും. സ്ത്രീകൾ ഗർഭകാലത്ത് മദ്യം കഴിക്കരുത്. ഇത് നിങ്ങളുടെ കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്നു.