രുചിയിൽ എഗ്ഗ് ചില്ലി ഡ്രൈ തയാറാക്കാം; ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കാം
പതിവ് മുട്ടക്കറിയിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഈ മുട്ട വിഭവം പരീക്ഷിക്കാം.
ചേരുവകൾ
പുഴുങ്ങിയ മുട്ട-4
തക്കാളി-1
പച്ചമുളക്-2
കാശ്മീരി മുളക് പൊടി-1 ടീസ്പൂൺ
കസൂരി മേത്തി -1 ടീസ്പൂൺ
വെളുത്തുള്ളി -2 അല്ലി
ഗ്രാമ്പൂ-2
സവാള-1
കാപ്സിക്കം-1
ഓയിൽ -2 ടേബിൾസ്പൂൺ
മല്ലിപ്പൊടി-1 ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
ഗരം മസാല പൊടി-1/2 ടീസ്പൂൺ
പാചകരീതിയിലേയ്ക്ക്
ഒരു പാനിൽ എണ്ണ ചൂടാക്കുക. അതിലേയ്ക്ക് അരിഞ്ഞുവെച്ച വെളുത്തുള്ളി , പച്ചമുളക്, സവാള എന്നിവയിട്ട് രണ്ട് മിനിറ്റ് നന്നായി വഴറ്റുക. ഇതിലേയ്ക്ക് അരിഞ്ഞ തക്കാളിയും കാപ്സിക്കവും ചേർത്തുകൊടുക്കാം. അഞ്ചു മിനിറ്റ് നന്നായി വഴറ്റിയെടുക്കാം.ഇതിലേയ്ക്ക് ഉപ്പ്, കാശ്മീരി മുളകുപൊടി, കസൂരി മേത്തി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.
ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ വെള്ളം ചേർത്ത് വീണ്ടും നന്നായി ഇളക്കുക. ചെറുതീയിൽ ഒന്നടച്ചു വെച്ച് വേവിക്കാം. പുഴുങ്ങിയ മുട്ട മുറിച്ച് ഇതിലേയ്ക്ക് ഇട്ടുകൊടുക്കാം. നന്നായി മസാല പിടിക്കാൻ പതുക്കേ ഇളക്കിക്കൊടുക്കാം. രണ്ടു മിനിട്ട് ശേഷം തീയണച്ച് ചൂടോടെ വിളമ്പാം.