പത്തുമിനിട്ട് മതി മുട്ടക്കറിയുണ്ടാക്കാം; രുചി കൂടാൻ ഈ ടിപ്പ് കൂടി പരീക്ഷിച്ചുനോക്കൂ

  1. Home
  2. Lifestyle

പത്തുമിനിട്ട് മതി മുട്ടക്കറിയുണ്ടാക്കാം; രുചി കൂടാൻ ഈ ടിപ്പ് കൂടി പരീക്ഷിച്ചുനോക്കൂ

egg


അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം ഇഷ്ടപ്പെടുന്ന കറിയാണ് മുട്ടക്കറി. എന്നാൽ വീട്ടിൽ ഉണ്ടാക്കുമ്പോൾ പലപ്പോഴും ഹോട്ടലിലെ മുട്ടക്കറിയുടെ രുചിയും രൂപയും കിട്ടാറില്ല. എന്നാലിനി ഹോട്ടലിൽ കിട്ടുന്ന അതേ ടേസ്റ്റിൽ അടിപൊളി മുട്ടക്കറിയുണ്ടാക്കാം, വെറും പത്തുമിനിട്ട് മാത്രം മതി.

ആദ്യം ആവശ്യത്തിന് മുട്ട പുഴുങ്ങിയെടുത്ത് തോട് മാറ്റിവയ്ക്കണം. ( മുട്ടയുടെ തോട് പൊട്ടിപോകാതിരിക്കാൻ നാരങ്ങയുടെ കഷ്ണം ചേർത്ത് വേവിക്കാം) ഇനി ഒരു തുണി കൊണ്ട് മുട്ടയുള്ള വെള്ളത്തിന്റെ അംശം പൂർണമായും തുടച്ചുമാറ്റണം. അടുത്തതായി ആവശ്യത്തിന് സവാള എടുത്ത് കറിക്കുവേണ്ടി അരിഞ്ഞുവയ്ക്കണം.

ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ തയ്യാറാക്കി വയ്ക്കണം. ശേഷം ചീനച്ചട്ടി അടുപ്പത്ത് വച്ചിട്ട് എണ്ണ ഒഴിച്ച് ചൂടാക്കണം. ഇതിലേയ്ക്ക് അര സ്പൂൺ കടുക് ചേർക്കണം. കടുക് പൊട്ടിക്കഴിയുമ്പോൾ തീ കുറച്ചതിനുശേഷം ചതച്ചുവച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും എണ്ണയിലേയ്ക്ക് ചേർക്കണം.

ഇഞ്ചിയും വെളുത്തുള്ളിയും നന്നായി വഴണ്ട് വരുമ്പോൾ സവാള അരിഞ്ഞത് ചേർത്തുകൊടുക്കാം. സവാള വഴണ്ടുകഴിഞ്ഞ് നാല് പച്ചമുളക് കീറിയത്, കുറച്ച് കറിവേപ്പില എന്നിവ ചേർക്കണം. എല്ലാം കൂടെ നന്നായി വഴറ്റിയെടുക്കണം. ഇനി ഇതിലേയ്ക്ക് അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, രണ്ടര ടേബിൾ സ്പൂൺ മുളകുപൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല പൊടി എന്നിവയിട്ട് നന്നായി വഴറ്റിയെടുക്കണം.

അടുത്തതായി അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേർത്ത് പാത്രം അടച്ചുവച്ച് വേകാൻ വയ്ക്കണം. തക്കാളി വെന്തുകഴിയുമ്പോൾ ആവശ്യത്തിന് ചൂടുവെള്ളവും ഉപ്പും ചേർക്കണം. ഇത് വെന്തുകഴിയുമ്പോൾ മുട്ടക്കറിയുടെ ഗ്രേവി റെഡിയാകും. കുറച്ചുകഴിഞ്ഞ് അൽപ്പം പഞ്ചസാര ഗ്രേവിയിൽ ചേർത്ത് ഇളക്കണം.

ഒരു ചീനച്ചട്ടിയെടുത്ത് കുറച്ച് എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കുറച്ച് മഞ്ഞൾ പൊടി, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റിയതിനുശേഷം പുഴുങ്ങിയ മുട്ട ചേർക്കണം. ഇത് കുറച്ച് നേരം വറുത്തെടുത്തതിനുശേഷം നേരത്തെ തയ്യാറാക്കിയ ഗ്രേവിയിലേയ്ക്ക് ചേർക്കണം. നല്ല അടിപൊടി മുട്ടക്കറി റെഡി.