ഓട്ടോമേറ്റിക് ഗേറ്റ് സ്ഥാപിക്കുമ്പോൾ ശ്രദ്ധവേണം; സൂക്ഷിച്ചില്ലെങ്കിൽ അപകടം

  1. Home
  2. Lifestyle

ഓട്ടോമേറ്റിക് ഗേറ്റ് സ്ഥാപിക്കുമ്പോൾ ശ്രദ്ധവേണം; സൂക്ഷിച്ചില്ലെങ്കിൽ അപകടം

remote


മലപ്പുറത്ത് വൈലത്തൂരിൽ ഒൻപത്വയസുകാരൻ ഓട്ടോമേറ്റിക് ഗേറ്റിനിടയിൽപെട്ട് മരിച്ച വാർത്ത വന്നത് കഴിഞ്ഞദിവസമാണ്. നമ്മുടെ ജീവിതം ആയാസകരമാക്കാൻ കണ്ടെത്തിയ പലവിധ ഉപകരണങ്ങളിൽ ഒന്നാണ് ഓട്ടോമാറ്റിക് ഗേറ്റുകൾ. വാഹനത്തിലിരുന്നും വീട്ടിലിരുന്നും ഇവ അടയ്ക്കുകയും തുറക്കുകയും ചെയ്യാം എന്നതായിരുന്നു പ്രധാന സൗകര്യം. എന്നാൽ ഏതൊരു കണ്ടെത്തലും പോലെ കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ ഇവ വലിയ പ്രശ്നങ്ങളും ചിലപ്പോൾ ദുരന്തമായും മാറാം.

വൈദ്യുതിയിലും മോട്ടോർ ഉപയോഗിച്ചും റിമോട് കൺട്രോൾ ഉപയോഗിച്ചും പ്രവർത്തിപ്പിക്കുന്നതാണ് ഓട്ടോമാറ്റിക് ഗേറ്റുകൾ. ഇവ ഉപയോഗിക്കുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും പുറമെ വീട്ടിലെ മൃഗങ്ങൾക്കും വരെ അപകടമുണ്ടാകാം. സുരക്ഷിതത്വം ഉറപ്പാക്കാൻ നല്ലശ്രദ്ധ വേണം.

സുരക്ഷാ മുന്നറിയിപ്പ്
ഓട്ടോമേറ്റിക് ഗേറ്റുകളിൽ സെൻസറുകൾ ഘടിപ്പിച്ചവയ്ക്ക് ഗേറ്റിന് എന്തെങ്കിലും സുരക്ഷാ പ്രശ്നമുണ്ടെങ്കിൽ നമ്മെ അറിയിക്കാൻ സാധിക്കും. എന്നാൽ കേവലം അടയ്ക്കാനും തുറക്കാനും മാത്രം റിമോട്ടോ സ്വിച്ചോ ഉപയോഗിച്ച് ചെയ്യാവുന്ന ഗേറ്റുകളിൽ ഇതുണ്ടാകണമെന്നില്ല. ഇവ വലിയ അപകടം ക്ഷണിച്ചുവരുത്താം. സെൻസറുകളുണ്ടെങ്കിൽ അവ ഓട്ടോ റിവേഴ്സ് പ്രവർത്തിപ്പിച്ച് ഗേറ്റ് തിരികെ തുറന്നിടുന്നതിന് ഉപകരിക്കും.

ഹാക്ക് ചെയ്യപ്പെടാം
ആപ്പുകളിലൂടെയോ മറ്റോ നിയന്ത്രിക്കാവുന്ന ഗേറ്റുകൾ ഹാക്ക് ചെയ്യപ്പെടാം. അതായത് ഇതിന്റെ നിയന്ത്രണം കൈയാളുന്ന മറ്റൊരാൾക്ക് ഗേറ്റ് പ്രവർത്തിപ്പിക്കാൻ കഴിയും. ഇങ്ങനെ സംശയം തോന്നിയാൽ കൃത്യമായി ഓട്ടോമേറ്റിക് ഗേറ്റ് റിപ്പയർ ചെയ്യുന്നവരുടെ സഹായം തേടാൻ മടിക്കരുത്.

ഗേറ്റിനിടയിൽ കുടുങ്ങാം
കുട്ടികൾക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും ശരീരത്തിന് ബലക്കുറവുള്ള മുതിർന്നവർക്കും ശ്രദ്ധിച്ചില്ലെങ്കിൽ ഗേറ്റിനിടയിൽ പെട്ട് അപകടമുണ്ടാകാം. ഇവ പ്രവർത്തിപ്പിക്കുന്ന സമയത്ത് ഇത്തരം ആളുകൾ സമീപത്ത് നിൽക്കാതെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഷോക്കേൽക്കുക
വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന ഓട്ടോമേറ്റിക് ഗേറ്റിൽ നിന്ന് തീർച്ചയായും വൈദ്യുതാഘാത ഭീണിയുണ്ട്. മോശം കാലാവസ്ഥയുള്ള സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണം. സ്പാർക് മുതലായവ ഉണ്ടായി തീപിടിത്ത സാദ്ധ്യതയും അറിയണം. ലോഹനിർമ്മിതമാണ് ഇത്തരം ഗേറ്റുകൾ എന്നതിനാലാണിത്.

പ്രാണിശല്യം
ഓട്ടോമേറ്റിക് ഗേറ്റുകളുടെ ഇരുവശവും സെൻസറുകളുണ്ട്. ഇവയിൽ വരുന്ന സന്ദേശമനുസരിച്ചാണ് ഗേറ്റ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത്. എന്നാൽ പ്രാണികൾ കൂടുകൂട്ടുകയോ മറ്റോ ചെയ്ത് സെൻസറുകൾ പ്രവർത്തിക്കാതെ വന്നാൽ നിങ്ങളെയോ നിങ്ങളുടെ വാഹനത്തെയോ ഗേറ്റിന് തിരിച്ചറിയാൻ കഴിയില്ല. അതുവഴി പ്രശ്നമുണ്ടാകാം. പ്രാണിശല്യം അകറ്റാൻ വിദഗ്ദ്ധരുടെ സഹായം തേടാം. ഇതുവഴി സെൻസറുകൾക്ക് കേടുപാടില്ലാതെ പ്രാണികളെ അകറ്റാം.

വൈദ്യുതി തടസം കൊണ്ടുള്ള പ്രശ്നങ്ങൾ
വൈദ്യുതി തടസം നേരിട്ടാൽ ഗേറ്റ് ചിലപ്പോൾ തുറക്കാനോ ഇനി തുറന്ന ഗേറ്റുകളെങ്കിൽ അവ അടയ്ക്കാനോ കഴിഞ്ഞേക്കില്ല. ഇങ്ങനെ പ്രശ്മനുണ്ടാകാതിരിക്കാൻ ഓട്ടോമേറ്റിക് മോഡിൽ നിന്ന് ഇടയ്ക്കിടെ മാനുവൽ മോഡിലേക്ക് ഗേറ്റിന്റെ പ്രവർത്തനം മാറ്റണം.

ഗറ്റുകൾ ഓട്ടോമേറ്റിക് ആയി പ്രവർത്തിക്കുമ്പോഴുള്ള പ്രശ്നമകറ്റാൻ നിശ്ചിത കാലയളവിൽ പരിശോധനയും എന്തെങ്കിലും പ്രശ്നം കണ്ടാൽ ഉടനെ അറ്റകുറ്റപണി നടത്തുകയും വേണം. നല്ല കമ്പനിയുടെ ഉപകരണങ്ങൾ വാങ്ങി ഘടിപ്പിച്ച ഗേറ്റാണെങ്കിൽ കുഴപ്പങ്ങൾ കുറയുകയും ഏറെനാൾ നിലനിൽക്കുകയും ചെയ്യും.