വേനൽക്കാലമാണ്; വാഷിങ് മെഷീൻ, അയൺ ബോക്‌സ് എന്നിവ ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ
വേനൽക്കാലമാണ്, വൈദ്യുതി ബിൽ ഷോക്ക് ആകുന്ന കാലത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളവും വൈദ്യുതിയും ലാഭിക്കാൻ സാധിക്കും.
വാഷിങ് മെഷീൻ
പലതരം വാഷിങ് മെഷീൻ കമ്പോളത്തിൽ ലഭ്യമാണ്. മാനുവൽ, സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളിൽ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകൾ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികൾ വാരി ഇടണം. ഓട്ടമാറ്റിക് വാഷിങ് മെഷീനുകളിൽ എല്ലാ പ്രവൃത്തിയും ഒന്നിച്ചു ചെയ്യാം. ഓട്ടമാറ്റിക് മെഷീനുകൾ രണ്ടു തരത്തിലുണ്ട്.
മുകളിൽ നിന്ന് നിറയ്ക്കുന്നത് (ടോപ് ലോഡിങ്)
മുന്നിൽ നിന്ന് നിറയ്ക്കുന്നത് (ഫ്രണ്ട് ലോഡിങ്)
ടോപ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിങ് മെഷീനുകൾക്ക് കുറച്ചു വെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളൂ. ഫ്രണ്ട് ലോഡിങ് മെഷീനും ടോപ് ലോഡിങ് മെഷീനും പ്രത്യേകം ഡിറ്റർജന്റുകളാണ് ഉപയോഗിക്കുന്നത്.
വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് ആവശ്യമുള്ളതല്ല. വാഷിങ് മെഷീൻ നിർദ്ദേശിച്ചിരിക്കുന്ന പൂർണശേഷിയിൽ തന്നെ പ്രവർത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയിൽ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെള്ളവും വൈദ്യുതിയും ലാഭിക്കാൻ സാധിക്കും.
അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികൾക്ക് ക്വിക്ക് സൈക്കിൾ മോഡ് ഉപയോഗിക്കാം. വാഷിങ് മെഷീൻ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓൺ ചെയ്യുക.
കഴിവതും വൈകുന്നേരം 6.30 മുതൽ 10 മണിവരെയുള്ള സമയങ്ങളിൽ വാഷിങ് മെഷീൻ ഉപയോഗിക്കാതിരിക്കുക. വസ്ത്രങ്ങൾ വെയിലത്ത് ഉണക്കുക.
തുണി ഇസ്തിരിയിടുമ്പോൾ
രാവിലെ ഓഫിസിൽ പോകുന്നതിനു മുൻപ് തലേന്ന് നനച്ചിട്ട ഉണങ്ങാത്ത തുണികൾ ഇസ്തിരിയിട്ട് ഉണക്കിയെടുക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? അതുപോലെ ഓരോ ദിവസവും ഒന്നോ രണ്ടോ തുണികൾ തേയ്ക്കാൻ വേണ്ടി അയൺബോക്‌സ് ഉപയോഗിക്കുക. ചെറിയ വസ്ത്രങ്ങൾ തേക്കാൻ പോലും അയൺബോക്‌സ് പരമാവധി ചൂടാക്കുക.
വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട വൈദ്യുത ഉപകരണമാണ് ഇസ്തിരിപ്പെട്ടി. കാര്യക്ഷമമല്ലാത്ത ഉപയോഗക്രമമാണ് ഇതിൽ ഊർജനഷ്ടം വരുത്തി വയ്ക്കുന്നത്. ഓട്ടോമാറ്റിക് ഇലക്ട്രിക് അയൺ ആണ് നല്ലത്. നിർദ്ദിഷ്ട താപനില എത്തിക്കഴിഞ്ഞാൽ ഇസ്തിരിപ്പെട്ടി തനിയെ ഓഫായിക്കൊള്ളും. ചൂട് വീണ്ടും കുറഞ്ഞാൽ തനിയെ ഓൺ ആവുകയും ചെയ്യും. ഓട്ടമാറ്റിക് ടെംപറേച്ചർ കട്ട് ഓഫ് ഉള്ള ഇലക്ട്രിക് അയണിനു ഈ സംവിധാനം ഇല്ലാത്തതിനെ അപേക്ഷിച്ച് പകുതിയോളം വൈദ്യുതി മതിയാകും. അതായത് ഒരു കിലോവാട്ട് ശേഷിയുള്ള ഓട്ടോമാറ്റിക് അയൺ ഒരു മണിക്കൂർ പ്രവർത്തിക്കുന്നതിന് 0.5 യൂണിറ്റോളം വൈദ്യുതി മതിയാകും.
ദിവസവുമുള്ള ഇസ്തിരിപ്പെട്ടിയുടെ ഉപയോഗം വൈദ്യുതി ബിൽ കൂട്ടും. ഒരാഴ്ചത്തേക്കു വേണ്ട വസ്ത്രങ്ങൾ ഒരുമിച്ച ഇസ്തിരി ഇടുന്നതാണ് ഉത്തമം. ഇസ്തിരിപ്പെട്ടി ചൂടായിക്കൊണ്ടിരിക്കുന്ന സമയവും ഇസ്തിരിപ്പെട്ടി ഓഫ് ചെയ്തതിനുശേഷമുള്ള സമയവും ചൂട് കുറവ് ആവശ്യമുള്ള തുണിത്തരങ്ങൾ ഇസ്തിരിയിടുന്നതിന് ഉപയോഗിക്കാം.
വസ്ത്രങ്ങൾക്കു നനവുണ്ടെങ്കിൽ വൈദ്യുതി നഷ്ടം കൂടും. ഇസ്തിരി ഇടുന്ന പ്രതലം മൃദുലമായിരിക്കണം. അടിയിൽ ആവശ്യത്തിന് കട്ടിയില്ല എങ്കിൽ വസ്ത്രങ്ങളിലെ ചുളിവ് പോകില്ല. ഇതൊഴിവാക്കാൻ മേശക്ക് മുകളിൽ കുറഞ്ഞത് രണ്ടോ മൂന്നോ പുതപ്പുകൾ വിരിക്കുക.
ഇസ്തിരി ഇടുന്ന സമയത്ത് സീലിങ് ഫാൻ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സീലിങ് ഫാനിൽ നിന്നും വരുന്ന കാറ്റ് ഇസ്തിരിപ്പെട്ടിയിലെ ചൂട് നഷ്ടപ്പെടുത്തും. വൈകുന്നേരം വോൾട്ടേജ് കുറവുള്ള (6.30 മുതൽ 10 മണി വരെ) സമയങ്ങളിൽ ഇലക്ട്രിക് അയൺ ഉപയോഗിക്കാതിരിക്കുക.