ഉദ്ധാരണക്കുറവ് അനായാസം പരിഹരിക്കാം; ഈ കാര്യങ്ങൾ അറിയാം

ലൈംഗികാരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും, ഉത്കണ്ഠ, സ്ട്രസ്, അമിത മദ്യപാനം ഇവയെല്ലാം പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളും എല്ലാം പലപ്പോഴും ലൈംഗികാരോഗ്യത്തെ ബാധിക്കും.
പലപ്പോഴും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ് ഉദ്ധാരണക്കുറവ്. ചിലർ ഉദ്ധാരണ പ്രശ്നങ്ങൾ അകറ്റാൻ വയാഗ്ര പോലുള്ള ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നു. ഉദ്ധരണം ശരിയായി നടക്കുന്നില്ല എങ്കിൽ ഈ അവസ്ഥ മാറ്റാനും ഉദ്ധാരണ പ്രശ്നങ്ങൾ പരിഹരിക്കാനും ചില മാർഗങ്ങൾ ഉണ്ട്. അവ ഏതൊക്കെ എന്നു നോക്കാം.
വ്യായാമം
അമിതഭാരവും പൊണ്ണത്തടിയും ഒപ്പം ഉത്കണ്ഠ, സ്ട്രെസ് ഇതെല്ലാം ഉദ്ധാരണക്കുറവിനുള്ള പ്രധാനകാരണങ്ങളാണ്. ഒരു മരുന്നും ഉപയോഗിക്കാതെ തന്നെ ഉദ്ധാരണക്കുറവ് അകറ്റാൻ പതിവായി വർക്കൗട്ട് ചെയ്താൽ മതി. വ്യായാമം പതിവാക്കിയാൽ പൊണ്ണത്തടിയും ഒപ്പം മാനസിക സമ്മർദവും അകലും.
ഭാരം കുറയ്ക്കാം
ഉദ്ധാരണക്കുറവിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് പൊണ്ണത്തടി. ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക. ഒപ്പം വ്യായാമം പതിവാക്കുക. ശരീരഭാരം കുറയ്ക്കുക.
മദ്യപാനം
ചില പുരുഷന്മാർ കരുതുന്നത് ലൈംഗികത ആസ്വദിക്കണമെങ്കിൽ അൽപം മദ്യം അകത്താക്കുന്നത് നല്ലതായിരിക്കും എന്നാണ്. എന്നാൽ മദ്യം കൂടുതൽ കഴിക്കുന്നത് വിപരീത ഫലമേ ചെയ്യൂ. അതുകൊണ്ട് ഉദ്ധാരണക്കുറവ് ഉൾപ്പെടെയുള്ള ലൈംഗിക പ്രശ്നങ്ങൾ അകറ്റാൻ മദ്യപാനശീലം കുറയ്ക്കാം.