ബ്ലൂ ലൈറ്റ് കണ്ണിനുമാത്രമല്ല, ചര്‍മത്തിനും ഹാനികരം; വിദഗ്ധര്‍

  1. Home
  2. Lifestyle

ബ്ലൂ ലൈറ്റ് കണ്ണിനുമാത്രമല്ല, ചര്‍മത്തിനും ഹാനികരം; വിദഗ്ധര്‍

blue light


എല്‍.ഇ.ഡി ടി.വി, ടാബ്‌ലെറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, എന്നിവയില്‍നിന്നൊക്കെ ബഹിര്‍ഗമിക്കുന്ന ബ്ലൂ ലൈറ്റ് കണ്ണുകള്‍ക്ക് മാത്രമല്ല, നമ്മുടെ ചര്‍മ്മത്തിനും ദോഷകരമായി ഭവിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം ഉപകരണങ്ങള്‍ പുറന്തള്ളുന്ന ഈ റേഡിയേഷനുമായുള്ള സമ്പര്‍ക്കം ചര്‍മത്തിന് പൊള്ളലും, അലര്‍ജിയും, ചുവപ്പുനിറവും, അകാലവാര്‍ദ്ധക്യവും നല്‍കാന്‍ കാരണമാകും.

ഇന്ത്യക്കാരുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗസമയം അമേരിക്കക്കാരേയും ചൈനക്കാരേയുംകാള്‍ കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ ചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള ശക്തിയുള്ളതാണ് ബ്ലൂ ലൈറ്റ്. കേവലം ഒരു മണിക്കൂര്‍ ഈ വെളിച്ചവുമായി സമ്പര്‍ക്കം ഉണ്ടായാല്‍ത്തന്നെ ചര്‍മസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടാനിടയുണ്ടെന്നാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നത്. അകാലവാര്‍ദ്ധക്യം, ചുളിവുകള്‍, ചര്‍മം തൂങ്ങുക (കൊളാജന്‍ നശിക്കുന്നതിനാല്‍) എന്നിവയാണ് ഇതുമൂലം സാധാരണഗതിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍. കൂടാതെ, ഹൈപ്പര്‍പിഗ്മന്റേഷന്‍, ചര്‍മത്തില്‍ പുള്ളികള്‍ വീഴുന്നത്, ടാനിങ് സംഭവിക്കുന്നത് മുതലായ കാര്യങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഡെര്‍മറ്റോളജിയുടെ വൈസ് പ്രസിഡന്റും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റുമായ ഡോ.കൗശിക് ലഹിരി പറയുന്നത്.

ശരീരത്തില്‍ 'ഓക്‌സിഡേറ്റീവ് ഡാമേജ്‌' ഉണ്ടാക്കുന്നതിനുപിന്നിലെ പ്രധാനഘടകം ബ്ലൂ ലൈറ്റാണ്. അസ്ഥിരമായ ഓക്‌സിജന്‍ തന്മാത്രകള്‍ സ്ഥിരത നേടാനായി തൊട്ടടുത്ത കോശങ്ങളില്‍നിന്ന് കടമെടുക്കുന്ന ചെയിന്‍ റിയാക്ഷനാണ് 'ഓക്‌സിഡേറ്റീവ് ഡാമേജ്‌'. ഈ പ്രക്രിയയില്‍ കൂടുതല്‍ അസ്ഥിരമായ തന്മാത്രകള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഹൈദരാബാദ് കിംസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡെര്‍മട്ടോളജിസ്റ്റ് ഡോ. ജാനകി കെയ യലമാഞ്ചിലി പറഞ്ഞത്. ഇത് പ്രോഗ്രാം ചെയ്തപോലെ കോശങ്ങളുടെ മരണത്തിലേക്ക് നയിക്കുമെന്നും ഇവര്‍ പറഞ്ഞു. അതിനാല്‍, ബ്ലൂ ലൈറ്റുമായി തുടര്‍ച്ചയായുള്ള സമ്പര്‍ക്കം ചര്‍മത്തെ ദൃഢവും ചെറുപ്പവുമാക്കുന്ന 'സ്‌കാഫോള്‍ഡിങ് പ്രോട്ടീനുകളുടെ' നാശത്തിന് കാരണമാകുമെന്നും അതിനാല്‍ ചര്‍മത്തിന് അകാലവാര്‍ദ്ധക്യം അനുഭവപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌ക്രീനിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും അത് കുറച്ചുകൊണ്ടുവരേണ്ടതിന്റ ആവശ്യകതയെപ്പറ്റി ഡോ. കൗശിക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തുടര്‍ച്ചയായ ഉപയോഗം മാരകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും. അതിനാല്‍, ഇടവിട്ട് വേണം ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍. കൂടാതെ, നീല വെളിച്ചത്തില്‍നിന്ന് സംരക്ഷണം നേടാന്‍, പ്രത്യേകം നിര്‍മിച്ച സണ്‍സ്‌ക്രീനുകളുമുണ്ട്. ഇവ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നത് ഗുണകരമാണെന്നാണ് ഡെര്‍മറ്റോളജി കണ്‍സള്‍ട്ടന്റായ ഡോ. രാമന്‍ജിത് സിങ് പറയുന്നത്.