ഉച്ച ഭക്ഷണത്തിന് മലയാളികളുടെ പ്രിയപ്പെട്ട മത്തി കുരുമുളകിട്ടത്; വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം
മത്തിക്ക് എന്നും സ്വീകാര്യത കൂടുതലാണ് നമുക്കിടയില്‍. മത്തിക്കുള്ള സ്ഥാനം മറ്റൊന്നിനും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. മത്തി ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ഇതില്‍ തന്നെ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുന്നത് നിങ്ങളുടെ നാവിലെ രസമുകുളങ്ങളെ ഉണര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയേറെ മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തില്‍ മത്തി സ്ഥാനം പിടിച്ച് കഴിഞ്ഞു. ഇനി മത്തി അല്‍പം കുരുമുളകിട്ട് വെച്ചാലോ,
ആവശ്യമുള്ള സാധനങ്ങള്‍
മത്തി- ഒരു കിലോ
തക്കാളി- മൂന്നെണ്ണം
സവാള- രണ്ടെണ്ണം
ഉപ്പ്- പാകത്തിന്
കുരുമുളക് – അര ടീസ്പൂണ്‍
പച്ചക്കുരുമുളക് – നാലെണ്ണം
വിനാഗിരി- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ- പാകത്തിന്
ഉണക്കമുളക്- പത്തെണ്ണം
വെളുത്തുള്ളി- പത്ത് അല്ലി
തയ്യാറാക്കുന്ന വിധം
മത്തി നല്ലതു പോലെ വൃത്തിയാക്കിയ ശേഷം ഇരു വശവും ഓരോ വരയിടുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ സവാള ചേര്‍ത്ത് വഴറ്റിയെടുക്കണം. ഇതിലേക്ക് ഉണക്കമുളകും വെളുത്തുള്ളിയും നല്ലതു പോലെ അരച്ച് ചേര്‍ക്കുകയാണ് അടുത്ത പടി. നന്നായി വഴറ്റിയ ശേഷം തക്കാളി ചേര്‍ത്ത് ഒന്നുകൂടി വഴറ്റിയെടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് പച്ചക്കുരുമുളക് അരച്ചത് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം ഈ വെള്ളം നല്ലതുപോലെ വറ്റി വരുമ്പോള്‍ ഇതിലേക്ക് മത്തി എടുത്ത് ഓരോന്നായി നിരത്തിയിടാം.
മുകളില്‍ അല്‍പം കുരുമുളക് പൊടി കൂടി വിതറുക. മത്തി നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് അല്‍പം വിനാഗിരിയും ഉപ്പും ചേര്‍ക്കാം. പിന്നീട് അടച്ച് വെച്ച് അല്‍പസമയം വേവിക്കുക. നല്ലതു പോലെ ചാറ് കുറുകി വരുമ്പോള്‍ വാങ്ങി വെക്കേണ്ടതാണ്. ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ഇതിന് മുകളില്‍ താളിക്കുക. ഇത് നങ്ങളുടെ ചോറിന്റെ രുചിയെ ഒന്ന് കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല സ്വാദിഷ്ഠമായ മത്തി കുരുമുളകിട്ടത് തയ്യാര്‍.